Saturday, December 19, 2020

മഴത്തുള്ളികൾ

വരക്കാനും വായിക്കാനും
ഇഷ്ടപ്പെടുന്ന നിന്നിലൊരു
കവിതയായി പിറക്കണം
എനിക്കിനി.

എഴുതി വെക്കാനാവാതെ, 
പറഞ്ഞു തീർക്കാനാവാതെ, 
വീർപ്പുമുട്ടി നിന്നുള്ളിലെരിയണം
എനിക്കിനി.

അങ്ങനെ എത്ര കവിതകൾ, 
എന്നോടൊപ്പം എരിഞ്ഞുതീരാനായി
എന്നുള്ളിൽ വിങ്ങിപ്പൊട്ടുന്നു
നിനക്കായി.

Tuesday, November 24, 2020

മഴത്തുള്ളികൾ

എന്റെ വഴിയിടങ്ങളിൽ
ഇന്നും മഴ പെയ്യാറുണ്ട്,
വസന്തം പൂക്കാറുണ്ട്
പുല്ലുകൾ തളിർക്കാറുണ്ട്

ഇലകൊഴിഞ്ഞ വഴിമരങ്ങളിൽ
കുയിലുകൾ പാടുന്നുണ്ട്
ശലഭങ്ങൾ നൃത്തമാടും
ഒടുവിൽ സന്ധ്യ ചേക്കേറും

വസന്തം പൂക്കുന്നത് 
ഓർമ്മകളുമായിട്ടാണ്
നിലാവിൽ ചിറകുരുമ്മി
പാറി നടന്നിരുന്ന രണ്ട്
ശലഭങ്ങളുടെ ഓർമ്മകളുമായി

മഴ പറയുന്നത് പ്രണയമാണ്
വേനലിൽ ചിറകറ്റു വീണ
രണ്ട് കിളികളുടെ പ്രണയം
ഒരു മഴ പെയ്യാൻ കൊതിച്ച
രണ്ട് കിളികളുടെ പ്രണയം

Wednesday, November 4, 2020

മഴത്തുള്ളികൾ

ഇവിടെ മഴ പെയ്തു തുടങ്ങി മീരാ,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
ഇങ്ങനെ, എന്നെപ്പോലെ ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.

വര്‍ഷകാലത്തിന്‍റെ ആദ്യത്തെ മഴക്ക്,
ഈ വേനല്‍ മഴക്ക് നിന്‍റെ ഗന്ധമുണ്ട്
ജനലഴികളിലൂടെ എത്തിനോക്കുന്ന മഴനീരിന്
നിന്‍റെ മിഴിനീരിന്‍റെ ചൂടുപോലെന്തൊ,

ഒഴുകിവന്ന മേഘങ്ങള്‍ക്കു പിന്നില്‍
വിരിഞ്ഞ മഴവില്ലു പോലെ, നിന്നെ പോലെ
ഒരു നക്ഷത്രം എന്നേ നോക്കി ചിരിക്കുന്നു മീരാ
ചിലപ്പോഴൊക്കെ പരിഹസിക്കുന്ന പോലെ.

നിന്‍റെ മുറ്റത്തു പെയ്യുന്ന തുള്ളികളില്‍..,
വെയിലേറ്റു വാടാതെ തണലില്‍ നീ നട്ട
പനനീര്‍ ചെടിയിലകളില്‍ നിന്നും
വീഴാന്‍ മടിച്ച് നിന്ന്, ഒടുവിലായി
വീണുടഞ്ഞ മഴനീരില്‍ പോലും
നീ എന്നെ, നമ്മളെ തിരഞ്ഞതില്ലെ മീരാ.

ഇവിടെ മഴ പെയ്തു തോരുന്നു മീരാ...
അന്നാദ്യം നമ്മുടെ മൌനത്തിന് താളമേകിയ,
നിന്‍റെ നാണത്തിന് അഴകേറിയ മഴയല്ല,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
എന്നെപ്പോലെ, ഇങ്ങനെ... ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.

Wednesday, September 9, 2020

രണ്ട് കിളികൾ

ഇനിയെനിക്ക്
നിന്നെയൊന്നു കേൾക്കണം, 
ഒന്നും മിണ്ടാതെ
മറുപടി പറയാതെ
നിന്നെമാത്രം കേൾക്കണം.

പറഞ്ഞു തീരാത്ത പരിഭവവും, 
ചുണ്ടിലെ വിങ്ങലും, 
നിന്റെ ഹൃദയമിടുപ്പും
എനിക്ക് കേൾക്കണം.

ഒരു ചെറു വിങ്ങലിനൊടുവിൽ, 
ഒരു പൊട്ടിക്കരച്ചിലിൽ,
പറയാതെ നീയെല്ലാം
പറഞ്ഞെന്നിരിക്കാം.

കാട്ടാറിന്റെ തീരത്തുള്ള
കുന്നിൻ മുകളിലിരുന്ന് 
നീ ഉച്ചത്തിലൊന്ന് കൂവണം, 
അതൊരു ഇടിനാദമായി
എന്നിലേക്കെത്തട്ടെ.

നിലാവിൽ നമ്മൾ ചേക്കേറാറുള്ള
ആ വലിയ മരത്തിന്റെയൊരു 
ചില്ലയിലിരുന്നൊന്നു പാടണം,
നിന്റെ ഹൃദയമിടിപ്പ് ഞാനറിയട്ടെ.

അടർന്നുവീണ രണ്ടിലകളായി
നമുക്ക് ഒട്ടിച്ചേരണം, 
കുറെ പറന്നു നടക്കണം, 
അപ്പോഴും എനിക്കൊന്നും
മിണ്ടാനുണ്ടാവില്ല.

നീലാകാശത്തിന്റെ
നിഴൽ വീണ, അലയടിക്കുന്ന
നീല തിരമാലകളായി നീ
നിന്നെത്തേടി ഞാനലയുന്ന
തീരങ്ങളിലേക്ക് ഒഴുകിയെത്തണം.

അവിടെ ആ തീരത്തെനിക്ക്
നിന്നെ മാറോടണക്കണം, 
ഞാൻ നിന്നിൽ പടരുമ്പോൾ
നിനക്ക് നിലാവിന്റെ നിറമാകട്ടെ, 
എനിക്ക് അസ്തമനത്തിന്റെയും.

നീ പിന്നെയും പറന്നു നടക്കണം, 
കാടും മലയും പുഴയും കടലും താണ്ടി
ഞാനലഞ്ഞിരുന്ന ഇടങ്ങളിലൂടെല്ലാം.
ചിലയിടങ്ങളിലൊക്കെ
നിനക്കെന്റെ ഗന്ധമറിയും, 
ചിലയിടങ്ങളിൽ എന്റെ ചൂടും.

വഴിയിടങ്ങളിൽ
കൊഴിഞ്ഞു വീണ
എന്റെ തൂവലുകൾ ഉണ്ടാവാം, 
അമ്പേറ്റ് ഇറ്റുവീണ
ചോരപ്പാടുകൾ ഉണ്ടാവാം, 
എങ്കിലും നീ പറന്നു നടക്കണം

എന്റെ ചോര വീണ
മരച്ചില്ലകളിലും
തൂവൽ കൊഴിച്ചിട്ട
വഴിമര തണലുകളിലും
എന്റെ ഓർമകൾ ഉള്ളിടത്തെല്ലാം
നീ പാടിയിറങ്ങണം

എനിക്കിനിയും കേൾക്കണം, 
എനിക്കിനി നിന്നെയൊന്നു
കേൾക്കണം....

Saturday, September 5, 2020

തൂലിക

ഒരൊറ്റ നിമിഷത്തില്‍
ഒരുപാടെഴുതും നിന്നെക്കുറിച്ച്,

എല്ലാത്തിനും ഒറ്റ അര്‍ത്ഥമാകയാല്‍
വലിച്ചു കീറി മുറ്റത്തെറിയും ഞാന്‍.

മുറ്റം തൂത്ത് തുണ്ട് കടലാസുകള്‍
ചേര്‍ത്ത് വായിച്ച കാറ്റാണ് പറഞ്ഞത്

എനിക്കു നിന്നോട് ഭ്രാന്താന്ന് .
കള്ളകാറ്റ് നിന്നൊടും പറഞ്ഞിട്ടുണ്ടാവും

ആ ഭ്രാന്തിനെ സ്നേഹമെന്ന് വിളിച്ച്
നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് നീയല്ലെ.


Monday, August 31, 2020

പൊന്നോണം

അകലെയൊരാവണി
പൂവിളി ആരവം
ഇളകിയാടും
പൂമരത്തിന്റെ ചില്ലകൾ

ഇടവഴികൾ താണ്ടി നാം
പൂക്കളിറുത്തും
പൂക്കളം തീർക്കുന്ന
കുഞ്ഞുന്നാളോർമ്മകൾ
 
അകലെയൊരു പുഴയുണ്ട്
കാവുണ്ട് കുളമുണ്ട്
കൂടെ കളിക്കുവാൻ
കൂട്ടരുണ്ട്,

പലവഴികൾ താണ്ടി നാം
പലയിടങ്ങളിലിന്ന്
പലരായി പലതും
പരിതപിച്ചീടുന്നു

അകലെയൊരോർമ്മയായി
നിറമുള്ള പൂക്കളും
നാട്ടുകളികളും പൂവിളി പാട്ടും 
തൂശനിലയിൽ തുമ്പപ്പൂ ചോറും

പകലന്തിയോളം
പറമ്പാകെ നമ്മൾ
ഓടിക്കളിച്ചതും
ഊഞ്ഞാലാടുന്നതും

ഓർമ്മകൾ നോവുള്ള
മധുരമായി മാറുമ്പോൾ
ഓർമയിലെത്തുമെന്നും
ആ പോയകാലം.

അവിടെയെൻ മുറ്റത്തെ -
ന്നോമാന പൊൻകിളി
ഒമാന കുസൃതിയായി
ഓടിക്കളിക്കുമ്പോൾ

എങ്ങോ മറന്നിട്ടൊരു
ബാല്യകാലത്തിൻ
മന്ദസ്മിതമായെൻ
ചുണ്ടുകൾ പൂക്കുന്നു

നന്മതൻ കണ്ണീരാൽ
പുണ്യമാകുന്നീ ജന്മവും
നാടും നാട്ടുവഴികളും
എന്നോർമ്മകളും.


Sunday, August 30, 2020

ആ രണ്ട് പേർ

ഓരോ പ്രാവശ്യം
കണ്ടു പിരിയുമ്പോഴും
അവർ ചുംബനങ്ങൾ
കൈമാറിയിരുന്നു,
എങ്കിലും ചുംബിക്കാൻ വേണ്ടി
ആയിരുന്നില്ല കണ്ടതൊന്നും.

ചിലപ്പോഴൊക്കെ അവർ
ഒന്നും മിണ്ടാതിരുന്നു,
പകുതിയിലേറെയും നേരം.
മിഴികൾ മിണ്ടുമ്പോൾ
വാക്കുകൾ മൗനമാകുക
അത് അനിവാര്യമാണെന്ന്.

ഈ ലോകത്തെക്കുറിച്ചെത്ര
മിണ്ടിപ്പറഞ്ഞിരുന്നിട്ടും 
പ്രണയം മാത്രം പറഞ്ഞില്ല,
രണ്ട് ഹൃദയങ്ങൾ തമ്മിൽ
ചേർന്നിരിക്കുമ്പോൾ
പ്രണയം എന്തിന് പറയണം.

ഒടുവിൽ പിരിയുന്ന നാളും
നൊന്തില്ല, കണ്ണീരിറ്റിച്ചില്ല,
യാത്ര പറഞ്ഞിട്ടുമില്ല.
യാത്ര ചൊല്ലി പിരിയുവാൻ
മനുഷ്യരായിരുന്നില്ലത്രെ,
രണ്ട് ആത്മാക്കളായിരുന്നെന്ന്.

ഓരോ ചുംബനത്തിലും
മൗനത്തിലും
ഹൃദയമിടുപ്പിലും
അവർ പരസ്പരം
പങ്കിടുകയായിരുന്നു
നാളെയുടെ നേരും നോവും

അവർ, ആ രണ്ടുപേർ, 
ഓരോ പ്രാവശ്യം
കണ്ടു മുട്ടുമ്പോഴും 
അവർ പുനർജനിക്കുകയായിരുന്നു.

Thursday, August 13, 2020

മഴത്തുള്ളികൾ

അന്ന് അവസാനമായി
നീ ചുംബനം തന്ന
ആ ഇടനാഴിയിലെ
നിശബ്ദതയാണിന്നും
ചില പകലുകൾക്ക് പോലും

സന്ധ്യക്ക്‌ ജനലഴികളിലൂടെ
അകലേക്ക്‌ നോക്കി നിൽക്കും
നിലാവിൽ നക്ഷത്രങ്ങൾ മിന്നും 
ചിലപ്പോഴൊക്കെ മേഘങ്ങൾ
അരികിലേക്ക് പറന്നു വരും

ഒപ്പം പറക്കാൻ കൊതിക്കുന്ന
ചില നിമിഷങ്ങളുണ്ട്
നോവിന്റെ ഭാരം കൊണ്ട്
കൊഴിഞ്ഞു വീണുടയുന്ന
കണ്ണീരായി ശേഷിക്കുന്നവ

Tuesday, August 4, 2020

രണ്ടാമത്തെയാൾ

നമ്മളില്‍ രണ്ടാമത്തെയാ-
ളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?

എഴുതി വെക്കാനാവാത്ത
വേദനയാല്‍ നീറുന്നയാളെ,

വരച്ചു മുഴുവിക്കാനാവാത്ത
ചിത്രങ്ങളാല്‍ നോവുന്നയാളെ,

പറഞ്ഞു തീര്‍ക്കാനാവാതെ
ഉള്ളുരുകിത്തീരുന്ന ആളിനെ...

പ്രതീക്ഷയുടെ തിരി കെടുത്തി
ഓര്‍മകളില്‍ വേദനിക്കുന്നയാളെ,

നമ്മളില്‍ ആദ്യം മരിക്കുന്നയാളെ
ഓര്‍ത്ത് നൊന്തു ജീവിക്കുന്ന

രണ്ടാമത്തെയാളെ കുറിച്ച് നീ
എപ്പോഴേലും ചിന്തിച്ചിട്ടുണ്ടൊ?

Saturday, August 1, 2020

ശലഭം


മഴത്തുള്ളികൾ

ഒരാൾകൂട്ടത്തിനിടയിൽ എന്നെയോർത്തു
ഒന്ന് പൊട്ടിക്കരയാനാവാതെ നിൽക്കുന്ന
നിന്നെ കുറിച്ചെനിക്ക് ഓർക്കാനാവുന്നില്ല

ഏകാന്തതയിൽ നെഞ്ചിലൊരു വിങ്ങലായി
ഉരുകിവീഴുന്ന നിന്റെ കണ്ണുനീരായി
എന്നെക്കുറിച്ചുള്ള ഓർമ്മകൾ
നിന്നിൽ നീറുമെന്നതും എന്നെ നോവിക്കുന്നു

കത്തി തീരുന്ന ദേഹത്തിന്റെ ചൂടേറ്റു
നിന്റെ മുഖം തളരുമ്പോഴും 
പ്രത്യാശയുടെ തീരത്തു നിന്ന് നീ
നമ്മെക്കുറിച്ചു സ്വപ്നം കാണുന്നുണ്ടാവും 

നിന്റെ അസാന്നിധ്യത്താൽ  നോവുന്നതു
എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ,
നന്മയുടെ തിരിച്ചറിവായതിനാലാവും
ചിലനിമിഷത്തിൽ ഞാനും ഓർക്കാറുണ്ട്

എനിക്കൊരു നിമിഷം മുൻപേ
നീ യാത്രയാവണം എന്നത്.....

അടുക്കള


Monday, July 27, 2020

മഴത്തുള്ളികൾ

ഞാനിനിയില്ലാ എന്ന സത്യം
തിരിച്ചറിയുമ്പോൾ
ഒന്നു പൊട്ടിക്കരയുവാൻ
പോലുമാകെതെ നിൽക്കുന്ന
നിന്നെക്കുറിച്ചോർത്ത്
എനിക്കിപ്പോൾ ചിരിയാണു വരുന്നത്.

നിന്നെ ഞാൻ കരയിക്കും,
എന്നെ സ്നേഹിച്ച കുറ്റത്തിന്
എന്റെ മരണം കൊണ്ട്
നിന്നെ ഞാൻ കരിയിക്കും.

Saturday, July 25, 2020

ശേഷിപ്പ്

പഴകി ചിതലെടുത്തുപോയ
ഭൂതകാലത്തിലെവിടെയൊ ആകാം
നീ എന്റെ ചിത്രങ്ങൾ വരച്ചിട്ടിരിക്കുന്നത്.

ഇനി നമ്മൾ എന്നൊന്നില്ല,
നീയും ഞാനും മാത്രം.

ഇനിയൊരു കണ്ടുമുട്ടൽ,
അതിന് ആത്മാവ് 
എന്നൊന്നില്ലെങ്കിലൊ!

ഭ്രാന്ത്

എനിക്കു നിന്‍റെ സ്വപ്നമായി
എന്നും നിന്നെ ഉണര്‍ത്തി
നിന്നോടൊപ്പം ഉണരണം.


എനിക്കു നിന്നിലെ ഓര്‍മ്മകളായി
എന്നും നിന്നെ ഉറക്കി
നിന്നെ പുണര്‍ന്നുറങ്ങണം.


എനിക്കു നിന്നിലെ കണ്ണീരിനൊപ്പം
ഒരു ചെറു വിങ്ങലായി
ഈ മണ്ണിലെരിഞ്ഞടങ്ങീടണം.


എനിക്കു നിന്‍റെ നഷ്ടമായി,
നിന്‍റെ മാത്രം നഷ്ടമായി
നിന്‍റെയുള്ളിലെന്നും തിളങ്ങീടണം.


എന്‍റെ പൊന്നേ

എനിക്കു നിന്നോട് ഭ്രാന്താണ്
ഒരിക്കലും അടങ്ങാത്ത ഭ്രാന്ത്.

താരാട്ട്

ഉറങ്ങുറങ്ങുറങ്ങിനി നീയുറങ്ങ്
പൂമിഴി പൂട്ടി നീയുറങ്ങ്

താമരപൂവേ നീ ഉറങ്ങ്
കണ്മണി തിങ്കളെ നീയുറങ്ങ്

ഉറങ്ങുറങ്ങുറങ്ങിനി നീയുറങ്ങ്
പൂമിഴി പൂട്ടി നീയുറങ്ങ്

കനവുകള്‍ കണ്ടിനി നീയുറങ്ങ്
മാറോട് ചേര്‍ന്ന് ചായ്ഞ്ഞുറങ്ങ്

അരികത്ത് ഞാനുണര്‍ന്നിരിക്കാം
കണ്ണിന്‍ അഴകായി നീ ഉറങ്ങ്

ഉറങ്ങുറങ്ങുറങ്ങിനി നീയുറങ്ങ്
മാറോട് ചേര്‍ന്ന് ചായ്ഞ്ഞുറങ്ങ്

മന്ദാരപൂവുകള്‍ കണ്ടുണരാന്‍
ഹരിനാമ കീര്‍ത്തനം കേട്ടുണരാന്‍

തൂമഞ്ഞിന്‍ തുള്ളികള്‍ തെന്നലായി
നിന്നെ പുണര്‍ന്നുണര്‍ത്തിടുവാന്‍

ഉറങ്ങിനി ഉറങ്ങ് നീ ഉറങ്ങ്
പൊന്നിന്‍ മലരെ നീ ഉറങ്ങ്

കുളികഴിഞ്ഞീറന്‍ മുടിയുമായി
കുറിതൊട്ട് കുംങ്കുമ തിലകമിട്ട്

കണിയായി ഒരുങ്ങുവാന്‍ നീയുറങ്ങ്
ചുണ്ടില്‍ ചിരിയുമായി നീയുറങ്ങ്

ഉറങ്ങുറങ്ങുറങ്ങിനി നീയുറങ്ങ്

പുഞ്ചിരി തൂകി നീയുറങ്ങ്

മൗനം

നാളെ ഒരുനാൾ
നമ്മൾ ഒന്നുടെ കാണട്ടെ 
അന്നും നിന്റെ മൗനം എന്നെ
വീർപ്പുമുട്ടിക്കും

നിന്റെ കണ്ണുകൾ പറയുന്നതൊക്കെ
ഞാൻ കുറിച്ചിടും
മൗനം ഒരു കവിതയായി
പിറക്കട്ടെ

ഒരു പുഞ്ചിരി നൽകി
നീ നടന്നകലുമ്പോൾ
അവിടെ ഞാനന്ന് വേരറ്റു വീഴട്ടെ
നിനക്ക് നിന്നെ നഷ്ടപ്പെടുംപോലെ

ഇന്നലകളിലേക്ക് 
ഒന്ന് തിരിഞ്ഞു നോക്കണം
ഒരിറ്റു കണ്ണീർ തുള്ളിയിൽ 
തിരിച്ചറിയാനാവും നിനക്ക്

ഇഷ്ടപ്പെടുന്നവരുടെ മൗനത്തിന് 
വാക്കുകളേക്കാൾ മൂർച്ചയുണ്ടെന്ന്