Thursday, November 18, 2021

മഴത്തുള്ളികൾ

ഓർത്തെടുക്കുവാൻ
ഒരു വാക്കുപോലുമില്ല
തമ്മിൽ പറഞ്ഞതായിട്ട്,
മായാതെ തെളിയുന്നതിന്നും
പറയാതെ വെച്ചത് മാത്രം.

മിഴികളിൽ നിന്ന് വായിച്ചെടുക്കുവാൻ
മുഖത്തേക്കൊന്നു നോക്കീട്ടില്ല
നീ കാണെ ഒരിക്കൽ പോലും,
അറിയാതെ കണ്ട് നിന്നിട്ടുണ്ട്,
അരികിൽ നിന്ന് കേട്ടിട്ടുണ്ട് .

വെയിൽ മങ്ങിയ ഇടവഴികളിലൂടെ
നീ അറിയാതെ പിന്നാലെ നടന്നിട്ടുണ്ട്,
നീളൻ മുടിയും, നിറഞ്ഞ പുഞ്ചിരിയും
കതിരോല കൺപീലികളും
എത്ര കിനാക്കളായി നീയങ്ങനെ
എന്റെ എത്ര പുലരികളിൽ....

Wednesday, November 10, 2021

പ്രണയം

ദ്രവിച്ച് നിറം മങ്ങിയ ഇന്നലകളെ
ഉണർത്തി വിടുന്നു ഞാൻ
നിനക്കെന്റെ പ്രണയ സമ്മാനം.
ഒരല്പം മിഴിനീരൊഴിച്ചു രുചിച്ചു നോക്കുക നീ.

മിഴികളിൽ മഴവില്ല് വിരിയിച്ച
ഇന്നലകളിൽ ഒരിക്കൽ പോലും
ആഘോഷിച്ചിരുന്നില്ല നമ്മൾ
ഒരു പ്രണയദിനവും.

നാണം വിടരുന്ന നുണക്കുഴികളി
ൽ തഴുകുമ്പോഴും
തേൻ നുരയുന്ന ചുണ്ടുകളിൽ ചുംബിക്കുമ്പോഴും,
മാറോടണച്ചപ്പോഴും ഒരു പ്രണയ ദിനവുമായിരുന്നില്ല.


മറവിയിൽ നിറം മങ്ങിയതെങ്കിലും
ഇന്നലെകളോളം നിറമുള്ളതലൊന്നും.
പറഞ്ഞു തീർത്ത വാക്കുകളിലെ
നേരിനോളം വരില്ല ഒരു ഉപഹാരവും.

ജീവന്റെ സ്പന്ദനം തീർത്ത്
നെഞ്ചിൽ വിങ്ങിയുറങ്ങുന്നതിനും
ഒരു ജന്മത്തിന്റെ പുണ്യമായി
എന്നിൽ കുടിയേറിയതിനും
നിനെക്കെന്റെ നന്ദി.

Monday, January 25, 2021

മഴത്തുള്ളികൾ

മഴയോട് ഞാൻ പറയാറുണ്ട്
എന്റെ ജനലിനരികിൽ
എന്റെ നെഞ്ചോടു ചേർന്ന് പെയ്യാൻ,
തനിച്ചിരിക്കുമ്പോഴൊക്കെയും.

ചിലപ്പോഴൊക്കെ എന്നെ നനച്ചു
ഞാനിരിക്കാറുള്ള പാറകളും
പുൽമേടും നനച്ചുപോകും,
നിന്നെപ്പോലെ തോരാതെ പെയ്യും.

പാതിയടച്ച ജനലിൽ തട്ടി
കൊഴിഞ്ഞു വീഴുന്ന തുള്ളികളിൽ
ഞാൻ നിന്നെ കാണാറുണ്ട്
ചിലപ്പോഴൊക്കെ.

എത്ര മോഹിച്ചിട്ടും
നെഞ്ചോട് ചേർത്ത് പിടിച്ചിട്ടും
എനിക്കാരാണെന്ന് അറിയാത്ത
എന്റെ മാത്രം നിന്നെ.