Saturday, August 21, 2010

എന്‍റെ ഓണം

വീണ്ടുമൊരു ഓണം. പൊന്നിന്‍ ചിങ്ങ മാസത്തിലെ തിരുവോണം. മാവേലിമന്നനെ വരവേല്‍ക്കുവാന്‍ ജാതി-സാമുദായിക വേര്‍തിരിവൊന്നുമില്ലാതെ മലയാളികള്‍ ഒത്തൊരുമിച്ചിരുന്ന ഒരു മഹോത്സവം. അതൊരു പഴയ കാലം. ഇന്ന് ഓണം എന്നത് ഒരു സമുദായത്തിന്‍റെ ആചാരം മാത്രമാണെന്ന് വിശ്വസിച്ചും പുതുതലമുറകളെ വിശ്വസിപ്പിച്ചും പോരുന്നു എന്നതാണ് എടുത്തു പറയേണ്ടതയ ഒരു മാറ്റം. പഴയ ആഘോഷങ്ങളൊ ഒത്തൊരുമയോ ഒന്നുമില്ലാതെ എന്തിനോ വേണ്ടിയെന്നപോലെ വെറുതെ ഒരു ഓണാഘോഷം. ഓരോ സംഘടനകളും, രാഷട്രീയ പാര്‍ട്ടികളും മത്സരിച്ച് മത്സരിച്ച്  മാസങ്ങള്‍ക്കു മുമ്പെ അല്ലെങ്കില്‍ ശേഷം ഓണം അഘോഷിക്കുന്നതാണ് നാടുവിട്ടതിനു ശേഷമുള്ള കുറച്ചു വര്‍ഷങ്ങളായി കണ്ടുവരുന്നത്. നിന്നേക്കാള്‍ മുന്നില്‍ ഞാനെന്നു വരുത്തിതീര്‍ക്കുവാനുള്ള ഒരു പരസ്പര മത്സരം പോലെ തോന്നുന്നു. എല്ലാം കാണുമ്പോള്‍ ഓടിയെത്തുന്നത് ഒരു പഴയകാലമാ‍ണ്. ഓണവും വിഷുവും എല്ലാം നന്മയുടെയും സാഹോദര്യത്തിന്‍റെയും സന്തോഷത്തിന്‍റെയും ഭാഗമായിരുന്ന ഒരു കാലം. ഇന്നോടൊപ്പം വരും തലമുറകള്‍ക്കും നഷ്ടപ്പെട്ടുകൊണ്ടിരിക്കൂന്ന പുണ്യമായ ഒരു സംസ്കാരം. നാളെയെന്തായിതീരും ഈ ആചാരങ്ങളൊക്കെ.

എല്ലാ വര്‍ഷത്തെയും പോലെയല്ലായിരുന്നില്ല ഇക്കൊല്ലം. ഓണത്തിന്‍റേതായ വലിയ ആഗ്രഹങ്ങളൊന്നും മനസ്സില്‍ ഉണ്ടായിരുന്നില്ല. നാട്ടില്‍ പോകുന്നില്ലായെന്ന് അല്ലെങ്കില്‍ പോകാന്‍ കഴിയില്ലായെന്ന്  നേരത്തെ തന്നെ തീരുമാനിച്ചിരുന്നതിനാലാവാം അത്തം വന്നെത്തിയതും ചിങ്ങം പിറന്നതുമൊന്നും  വലിയ ആരവങ്ങളൊന്നുംതന്നെ ഇല്ലാതെ ആയിരുന്നു. കലണ്ടറില്‍ എന്തോ തിരയുന്നതിനിടയിലാണ് മനസ്സിലായത്, നാളെ ചിങ്ങം ഒന്നാണ്. “അമ്പലത്തില്‍ പോകണം” അപ്പോള്‍ തന്നെ മനസ്സില്‍ കുറിച്ചിട്ടു. 

രാവിലെ നല്ല മഴ ഉണ്ടായിരുന്നു എണീക്കുവാനൊരു മടി. വീണ്ടും കുറച്ചുനേരം കൂടി കിടന്നു. പിന്നെണീറ്റു കുളിച്ചു. മഴ തോര്‍ന്നു നിന്ന സമയം നോക്കി പതിയെ നടന്നു. പ്രതീക്ഷിച്ചതു പോലെ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല അമ്പലത്തില്‍. അല്ലെങ്കിലും ഇന്നൊക്കെയെന്തു ഓണം, എന്തു വിഷു, എന്ത് ഒന്നാംതീയതി. ഈ തിരക്കുപിടിച്ച യാത്രക്കിടയില്‍ ഇതിനൊക്കെ നീക്കിവെയ്ക്കുവാന്‍ ഇന്നാര്‍ക്കു സമയം. എല്ലാം നല്ല നല്ല ഓര്‍മ്മകളായി മനസ്സിലുണ്ടാവുമെന്നു മാത്രം. കഴിഞ്ഞ കാലത്തെക്കുറിച്ചുള്ള കുറച്ചു നല്ല ഓര്‍മ്മകള്‍ മാത്രമായി. 

ജനിച്ചു വളര്‍ന്ന സ്വന്തം നാട്, പുഴകളും, ചെറുതോടുകളും നെൽപ്പാടങ്ങളും തിങ്ങി നിറഞ്ഞ, ചെറുതും വലതുമായ നിരവധി ക്ഷേത്രങ്ങളുമുള്ള ഒരു ചെറിയ ഗ്രാമം. ഇളംകാറ്റിലിളകിയാടുന്ന തെങ്ങോലകളുടെ തണലില്‍ അസ്തമയ സൂര്യനെ നോക്കി കിടന്നിരുന്ന സായ്ഹാന്നങ്ങള്‍. ദിവസവും സന്ധ്യാനേരത്ത് കുളിച്ചൊരുങ്ങി കുടുംബക്ഷേത്രത്തിലും കാവിലും വിളക്കു കൊളുത്തിയിരുന്ന ഒരു ബാല്യം. ഇന്നും നാട്ടിലെത്തുമ്പോള്‍ ദിവസവും വൈകിട്ടു കാവില്‍ വിളക്കു കൊളുത്തുക എന്ന പതിവിനു ഒരു മാറ്റവുമില്ല. അതിനുവേണ്ടി സമയം എങ്ങനേയും കണ്ടെത്താറുണ്ട്. മാറ്റമില്ലാത്തതായി അതു മാത്രമാവും ഇന്നു ബാക്കി. വടക്കേ പറമ്പില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടുനില്‍ക്കെ മുത്തശ്ശിയുടെ വിളിയെത്തും. പിന്നൊരു ഓട്ടമാണ്, വീടിനു പിറകിലെ കുളത്തില്‍ മുങ്ങികുളിച്ചു അമ്പലമുറ്റത്തേക്കൊരോട്ടം, നിരനിരയായി പ്രതിഷ്ഠിച്ചിരിക്കുന്ന ഓരോ ദൈവങ്ങള്‍ക്കു മുമ്പിലും പിന്നീട് നാഗദൈവങ്ങളുടെ കാവിലും തിരികൊളുത്തി കഴിയുമ്പോള്‍ മുത്തശ്ശി വീണ്ടും പറയും “കാക്ക തിരിയെടുത്തുകൊണ്ടു പോകും, കുറച്ചുനേരം നമുക്കിവിടിരിക്കാം”  

കളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരുടെ ബഹളം അവിടിരുന്നു കേള്‍ക്കാം. അവരോടൊപ്പം ചേരാന്‍ കഴിയാത്തതിന്‍റെ വിഷമമുണ്ടാവും. എങ്കിലും മുത്തശ്ശിയെ അനുസരിച്ച് ക്ഷേത്രമുറ്റത്തുള്ള ആ ഒരിരുപ്പ്, ദൈവങ്ങള്‍ക്കായി കൊളുത്തിയ ഓരോ തിരിയും കെടാതെ, കാക്കയെടുക്കാതെ നോക്കിയുള്ള ആ ഒരു കാവലിരുപ്പ് മനസ്സിനു സുഖം തന്നെ ആണ് പകര്‍ന്നു തരുന്നത് അന്നും ഇന്നും. “ദൈവങ്ങളുടെ  കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലായെങ്കില്‍ അവര്‍ കോപിക്കു”മെന്ന മുത്തശ്ശിയുടെ വാക്കില്‍ ഭയന്നിട്ടോ, സത്യമായ ഭക്തികൊണ്ടോ ആ ഒരു കാര്യത്തിനു തടസ്സം വരുത്താതിരിക്കുവാന്‍ കഴിവതും ശ്രദ്ധിക്കാറുണ്ട്. പഴയ കാര്യങ്ങളെന്തെക്കിലുമൊക്കെ ഇന്നും മറക്കാതെ പിന്തുടരുന്നുവെന്നത് ഓര്‍ത്തിരിക്കുവാന്‍ ഒരു രസം തന്നെയാണ്. 

കാവും കുളങ്ങളും പാടങ്ങളും, കൂട്ടുകാരുമൊത്ത് പൂക്കളിറുത്ത് നടന്ന വഴിയോരങ്ങളും, തുമ്പിയെ പിടിച്ചും ഊഞ്ഞാലാടിയും പുതുകോടിയണിഞ്ഞു ഓണസദ്ധ്യകഴിച്ചും, കളിച്ചും ചിരിച്ചും ഓടി നടന്നിരുന്ന ഒരു ഓണക്കാലം. ഓര്‍മ്മകളില്‍ കണ്ണീര്‍ വീഴ്ത്തി ആ പഴയകാലത്തിന്‍റെ നന്മയുമായി ഓണം വീണ്ടും വരുന്നു. പഴയ ആഘോഷങ്ങളൊന്നുമില്ലാതെ, ആര്‍പ്പുവിളിയും ആരവങ്ങളുമില്ലാതെ മാവേലിമന്നനും വന്നുപോകുന്നുണ്ടാവും. 

തിരുവാതിരകളിയും പുലികളിയുമൊക്കെ ഇന്ന് ചാനലുകളില്‍ കാണണം. ഓണത്തിനു ദിവസങ്ങള്‍ക്കു മുമ്പേ അമ്മ കായ് വറുക്കുന്നതും ഉണ്ണിയപ്പം ചുടുന്നതുമൊക്കെ കൊതിയോടെ നോക്കിയിരുന്നത് ഒരു പഴംകഥ. ഇന്നെല്ലാം കടകളില്‍ നിന്നും വാങ്ങുമ്പോള്‍ പണ്ട് അമ്മുടെയും മുത്തശ്ശിയുടെയും കൈകള്‍ കൊണ്ടുണ്ടാക്കിയ ആ പലഹാരങ്ങളുടെ രുചി ഒരിക്കല്‍ക്കുടി കൊതിക്കുന്ന മനസ്സ്. രാവിലെ കുളിച്ച് പുത്തനുടുപ്പിട്ട് ഒരുങ്ങിയിരുന്ന കളങ്കമെന്തന്നറിയാത്ത ഒരു ബാല്യം. എല്ലാവരും ഒരുമിച്ചിരുന്നു ഉണ്ടിരുന്ന ഓണസദ്ധ്യ. മറന്നുതുടങ്ങിയിരിക്കുന്നു അന്നത്തെ ഓരോ കുസൃതികളും പിടിവാശികളും. ആ നാട്ടിപുറത്തെ ജീവിതം, എല്ലാം ഓര്‍മ്മകള്‍ മാത്രം. വളര്‍ന്നു വലുതാവേണ്ടായിരുന്നു എന്നു തോന്നിപോകുന്നു ചിലപ്പോഴൊക്കെ. 

ഇവിടെ ഈ മഹാനഗരത്തില്‍, ഇന്ന് ഇടയ്ക്കിടെ വന്നുപോകുന്ന ചെറു മഴയത്ത് മലയാളി ഹോട്ടലിലെ ചൂടു ചായയും, പരിപ്പുവടയും, പഴംപൊരിയുമൊക്കെ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ മനസ്സു കൊതിക്കുന്നുണ്ട് ‘നാട്ടിലായിരുന്നുവെങ്കില്‍’ ഓഫീസ്മുറിയിലെ ജനലഴികളിലൂടെ പുറത്ത് മഴ പെയ്യുന്നതും പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്ന ആല്‍ മരത്തിന്‍റെ  ഇലകളില്‍ മഴത്തുള്ളികള്‍ വീണുടയുന്നതുമൊക്കെ നോക്കി നില്‍ക്കുമ്പോള്‍ എന്റെ നാടിന്റെ സുഖമുള്ള ഓർമ്മകൾ... 

നാട്ടുവഴികളിലെ തുമ്പപൂക്കളുടെ ഗന്ധം.... അമ്പലകുളത്തില്‍ നിറഞ്ഞു വിടര്‍ന്നുനില്‍ക്കുന്ന ആമ്പല്‍ പൂവുകള്‍, വയലോലകളിൽ നൃത്തം വെയ്ക്കുന്ന ഓണത്തുമ്പികൾ..... അമ്മയുടെ കൈയ്യിൽ നിന്നും തൂശനിലയിൽ ഒരുപിടിച്ചോറ്, ആ മടിയില്‍ തല ചായ്ച്ചൊരിത്തിരി നേരം, അച്ഛ്ന്റെ കൈവിരൽ തുമ്പുപിടിച്ചു, അനിയനോടടിയിട്ടു, ചേച്ചിയോടൊത്തു പൂക്കളമിട്ടു കൂട്ടുകാരോടൊത്തു കളിച്ചുനടന്നൊരു കാലം; എന്‍റെ ബാല്യം.... ഗൃഹാതുരത്വത്തിന്റെ നൊമ്പരവുമയി വീണ്ടുമൊരു ഓണക്കാലം അറിയാതെ മിഴികള്‍ നിറയുന്ന ഓര്‍മ്മകള്‍. ഇനിയെന്നാണു നാട്ടിലൊരു ഓണം....  പുത്തനുടുപ്പിട്ട്, മധുര പലഹാരങ്ങള്‍ കഴിച്ച് ഊഞ്ഞാലാടി ആഹ്ലാദിച്ചു തിമിര്‍ത്തു നടന്നിരുന്ന ആ ബാല്യം. തിരികെ വരില്ലായെന്നറിയാം, എങ്കിലും ഒരിക്കല്‍ കൂടി അതുപോലൊക്കെ ഒന്ന് ആകാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് മോഹിക്കാത്തവാരായി ആരുണ്ടാവും നമ്മളില്‍.

ഓര്‍മ്മകള്‍ ഒരു സുഖമുള്ള വേദന തന്നെയാകുന്നു പലപ്പോഴും..

*******

 എല്ലാവര്‍ക്കും എന്‍റെ ഓണാശംസകള്‍...

Monday, August 9, 2010

പുതിയ കീമാന്‍

മലയാളം ടൈപ്പ്റൈറ്റിംങ്ങില്‍  കൂടുതല്‍ പുതുമയോടെ കീമാന്‍. Web Browser-കളിലും M.S. Word, Photo Shop തുടങ്ങിയ നിരവധി പ്രോഗ്രം സോഫ്റ്റ്വെയറുകളിലും കാര്‍ത്തിക, അഞ്ജലി തുടങ്ങിയ യൂണിക്കോഡ് ഫോണ്ടുകള്‍ ഉപയോഗിച്ചും, “ML_TT Keyboard(ASCII)” ഉപയോഗിച്ചും  വളരെ ലളിതമായ രീതിയില്‍ മലയാളം ടൈപ്പ് ചെയ്യുവാന്‍ സാധിക്കുന്നുവെന്നത് കൂടുതല്‍ പ്രയോജനകരമായിരിക്കുന്നു.

ഈ ലിങ്കില്‍ ക്ലിക് ചെയ്ത് “Keyman Software”  ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം System Restart ചെയ്യുക.




Web Browser-കളില്‍ മലയാളം എഴുതുന്ന വിധം 

Web Browser Open  ചെയ്ത ശേഷം കീമാന്‍റെ ലോഗോയില്‍ ക്ലിക് ചെയ്ത് അതില്‍ നിന്നും “മ”  അ  എന്നിവയില്‍ ഏതെങ്കിലും ഒരു അക്ഷരം സെലക്ട് ചെയ്ത പഴയതു പോലെ മംഗ്ലീഷില്‍ എഴുതി മലയാളം ടൈപ്പ് ചെയ്യാവുന്നതാണ്.





 M.S Word, PhotoShop തുടങ്ങിയ പ്രോഗ്രാമുകളില്‍ മലയാളം എഴുതുന്ന വിധം

എവിടെയാണോ എഴുതേണ്ടത് ആ പ്രോഗ്രാം Open ചെയ്ത ശേഷം Notification Area യിലുള്ള keyman logo യില്‍ ക്ലിക്ക് ചെയ്ത് “ML_TT Keyboard (ASCII) എന്നത്  സെലെക്റ്റ് ചെയ്യുക. അതിനു ശേഷം മംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് മലയാളം എഴുതാവുന്നതാണ്.




ടൈപ്പ് ചെയ്യുന്ന രീതി.
 
1. ചെറിയ നിറുത്തലുകള്‍ ആവശ്യം വരുമ്പോള്‍ ഉപയോഗിക്കുന്ന ചിഹ്നമാണ് ‌‌‌ _ എന്നത്.
ഉദാഹരണത്തിന്,
പിന്‍‌നിലാവ് - pin_nilaav (_ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ പിന്നിലാവ് എന്നേ വരൂ)
മുഖം‌മൂടി - mukham_mooTi ( _ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ മുഖമ്മൂടി എന്നേ വരൂ)
 
2. ചന്ദ്രക്കല വരുത്തുവാനായി (~) എന്ന ചിഹ്നം ഉപയോഗിക്കാം.
ഉദാഹരണത്തിന്,
അവന് - avan~ ( ~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ അവന്‍ എന്നേ വരൂ)
കൂന് - koon~ (~ ഇല്ലാതെ ടൈപ്പ് ചെയ്‌താല്‍ കൂന്‍ എന്നേ വരൂ)


വിശദമായ കീമാപ്പിംഗ് താഴെ കൊടുത്തിരിക്കുന്നു. 


NOTE :-

Web Browser ല്‍ ‍മലയാളം എഴുതി കൊണ്ടിരിക്കുമ്പോള്‍ ഇടക്ക് ഒരു ഇംഗ്ലീഷ് വാക്ക് എഴുതണമെന്നുണ്ടെങ്കില്‍ notification area യിലെ keyman logo യില്‍ ക്ലിക്ക് ചെയ്ത് “No keyman keybord” എന്നത് സെലെക്റ്റ് ചെയ്താല്‍ മതിയാകും.

M.S Office ലൊ Adobe Photoshop ലൊ ആണെങ്കില്‍ “No keyman keybord” സെലെക്റ്റ് ചെയ്യുന്നതോടൊപ്പം ഫോണ്ടു കൂടി change ചെയ്തു കൊടുക്കേണ്ടി വരും...
 

Keyboard shortcut ആവശ്യമുള്ളവര്‍ക്ക് keyman logo യില്‍ Right click ചെയ്ത് keyman configuration ല്‍ പോയി സൌകര്യ പ്രതമായ Shortcut ഉകള്‍ കൊടുക്കാവുന്നതാണ്.

ഇതുവരെ ഈ സൌകര്യം തിരിച്ചറിയാന്‍ കഴിയാത്തവരുടെ ശ്രദ്ധയാക്കായിട്ടാണ് ഇവിടെ Share ചെയ്തിരിക്കുന്നത് . ഇതിനോടകം തന്നെ ഇത് അരച്ചുകലക്കി കുടിച്ചവര്‍ ഈയുള്ളവനെ വെറുതെ വിടണെമേയെന്ന് അപേക്ഷിക്കുന്നു.