Tuesday, February 15, 2011

വാലെന്റൈൻ

പരിഭവവും പാരാതിയും ഇല്ലായിരുന്നു അവള്‍ക്ക്. വാലെന്റൈന്‍ ദിനത്തിന്റെ യാതൊരു വിധത്തിലുള്ള ആര്‍ഭാടങ്ങളുമില്ലാതെ രണ്ടു മനസ്സുകളില്‍ പ്രണയത്തിന്റെ ഭാവങ്ങള്‍ സാധാരണ പോലെ കടന്നു പോയി. “എല്ലാവരും ഇങ്ങനെ നമ്മളെപ്പോലെ ആയിരിക്കുമോ” എന്നൊരു ചോദ്യം മാത്രം ബാക്കി.

തിളങ്ങുന്ന കടലാസില്‍ പൊതിഞ്ഞൊരു സമ്മാനമോ, മൊബൈലില്‍ പ്രണയത്തിന്റെ തീവ്രമായ സന്ദേശങ്ങളോ കണ്ടില്ല. എന്നത്തെയും പോലെ കുറച്ചു ഫോണ്‍കാള്‍, എന്തൊക്കെയോ സംസാരിച്ചു, പതിവുപോലെതന്നെ കുറച്ചു ഉപദേശങ്ങള്‍ മാത്രം മറുവശത്തു നിന്നും കേട്ടുകൊണ്ടിരുന്നു.

പ്രണയം ഒരു ക്യാമ്പസ് റൊമാന്‍സായി കണ്ടിരുന്നില്ല എന്നെപ്പൊലെ അവളും, അതിനുമൊക്കെ അപ്പുറത്തുള്ള എന്തോ? പഞ്ചാര വാക്കുകളാല്‍ കൊഞ്ചുന്നതിനും, മെസേജുകള്‍ അയക്കുന്നതിനും മാറ്റിവച്ചിരുന്നത് വളരെ ചെറിയ നിമിഷങ്ങള്‍ മാത്രം. കുത്തിയൊലിച്ചു വരുന്ന വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ എങ്ങനെ അക്കരെ എത്തിച്ചേരുമെന്നതായിരുന്നു എന്നും അവളുടെയും ചിന്ത.

ആരെയൊക്കെ എതിര്‍ക്കണം, ആരെയൊക്കെ വേദനിപ്പിക്കണം, ഇനിയും എത്രനാള്‍ ഇങ്ങനെ രണ്ടു ധ്രുവങ്ങളിലായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കൊടുവില്‍ അവള്‍ തളര്‍ന്ന മനസ്സുമായി എന്നെ കുറ്റപ്പെടുത്തുമായിരുന്നു. “ എന്നെ സമാധാനിപ്പിക്കാനെങ്കിലും എന്തെങ്കിലും പറഞ്ഞുകൂടെ”

പിരിയില്ല എന്നൊരു ആത്മവിശ്വാസം ഉള്ളതുകൊണ്ടാവും അവളുടെ ആ ചോദ്യങ്ങള്‍ക്കൊന്നും ഒരു ഉത്തരം നല്‍കാന്‍ എനിക്കു കഴിഞ്ഞിരുന്നില്ല. ഒടുവില്‍ യാത്ര പറഞ്ഞു പിരിയുവാനായിരുന്നുവെങ്കില്‍ അവള്‍ക്കു മുമ്പെയും എത്രയോ പ്രണയിക്കാമായിരുന്നു എനിക്ക്. പ്രണയം എന്നുമൊരു ആത്മാവു പോലെ ആയിരുന്നു. അത് മരണം വരെ കൂടെയുണ്ടാവണമെന്നതു ഒരു നിത്യ പ്രാര്‍ത്ഥനയാണ്.

സമ്മാനങ്ങള്‍ കൈമാറിയും, ഇണക്കിളികളെപ്പോലെ ഒരു ചില്ലയുടെ മറവില്‍ കൊക്കുരുമിയും ചൂടു പങ്കിട്ടും ഞാന്‍ നിന്നെ പ്രണയിച്ചുകൊണ്ടിരിക്കുന്നു എന്നു വരുത്തിതീര്‍ക്കുന്നതിനേക്കാള്‍ നാളെയുടെ വഴികളില്‍ നിന്റെ കണ്ണീര്‍ വീഴ്ത്താതെ, തളരാതെ യാത്ര ചെയ്യുവാനുള്ള മുന്നരുക്കങ്ങള്‍ക്കായിരുന്നു അവളെപ്പോലെ ഞാനും ആദ്യ സ്ഥാനം നല്‍കിയിരുന്നത്.

തൊട്ടരികില്‍ ഉണ്ടായിരുന്നിട്ടും കാണാന്‍ കിട്ടുന്നത് ചെറിയ നിമിഷങ്ങള്‍ മാത്രം. ഒരു വിളിപ്പാടകലെ, ഒരു കാല്‍ചുവടിനപ്പുറത്തായിരുന്നിട്ടും ഒന്നു കാണാന്‍ ചിലപ്പോള്‍ എത്രയോ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നു. പലരുടെയും കുറ്റപ്പെടുത്തലുകളും പഴിവാക്കുകളും അവളെ പലപ്പോഴും തളർത്തിയിരുന്നു. അതുകൊണ്ടുതന്നെ തമ്മിൽ കാണേണ്ട പല സാഹചര്യങ്ങൾ,  തൊട്ടടുത്തുണ്ടായിരുന്നിട്ടും ഒന്നു കാണാതെ ഒരു ഫോൺകാളിൽ ഒതുക്കിയ എത്ര വിശേഷ ദിവസങ്ങൾ.

“നാളെ വാലെന്റൈന്‍ ദിനമാണ്, എനിക്കെന്തു സമ്മാനമാണ് തരുന്നത്” സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ തോന്നിയൊരു നേരമ്പോക്ക്. അല്‍പ്പനേരം അവള്‍ മൗനമായി, “ഞാന്‍, എനിക്കൊരു ജോലി ഉണ്ടായിരുന്നുവെങ്കില്‍.....” കണ്ണിരിന്റെ ചൂടുള്ള മുഴുവനാക്കാത്ത വാക്കുകള്‍ മറുതലക്കല്‍.

പിന്നെന്തൊക്കെ പറയേണ്ടി വന്നു അവളെയൊന്നു ചിരിപ്പിക്കുവാന്‍. “സ്റ്റഡി ലീവാണു, അല്ലെങ്കില്‍ കോളെജില്‍ പോകുമ്പോള്‍ കിട്ടുന്ന പോക്കറ്റ് മണിയെടുത്തെന്തേലും വാങ്ങിയേനെ ഞാന്‍” ഇടക്കൊക്കെ അവള്‍ പറഞ്ഞുകൊണ്ടിരുന്നു.

നിറപുഞ്ചിരിയോടെ ഇരു കൈകള്‍ നീട്ടി എന്റെ കൈയ്യില്‍ നിന്നും പ്രണയ സമ്മാനം വാങ്ങുമ്പോള്‍, ഒരു നിമിഷമെങ്കിലും അവള്‍ വിഷമിക്കാതിരിക്കില്ല എന്തേലുമൊരു സമ്മാനം തിരികെ നല്‍കാന്‍ കഴിയാത്തതില്‍. വേണ്ട അതിലുമെത്രയോ വലുതാണ് അവളുടെ പരിഭവം. പറഞ്ഞറിയിക്കുവാനാവാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കാലായിരിക്കും ആ മനസ്സു മുഴുവന്‍ അപ്പോള്‍. അതു കണ്ടുകൊണ്ടിരിക്കാന്‍ എന്തു സുഖമാണ്.

അവള്‍ക്കായി  ഒന്നും വാങ്ങിയില്ല. അവളുടെ ഒന്നു രണ്ടു മെസേജുകള്‍ വന്നതിനു മറുപടിയായി ഒരു മെസേജ് പോലും അയക്കാന്‍ പറ്റിയില്ല. സമയമില്ലാഞ്ഞിട്ടോ മറന്നു പോയതോ അല്ലായിരുന്നു. രാവിലെ  മുതല്‍ “മെസേജ് സെന്റ് ഫെയില്‍ഡ്” എന്ന് കാണിക്കുമ്പോള്‍ എന്തു ചെയ്യണമെന്ന് ഒരു ഐഡിയയുമില്ലായിരൂന്നു.

എങ്കിലും പരിഭവിച്ചില്ല അവള്‍, പിണങ്ങിയതുമില്ല. കുറച്ചു റൊമാന്റിക് മെസേജുകള്‍ക്കും, പ്രണയ സമ്മാനങ്ങള്‍ക്കുമൊക്കെയപ്പുറം  എന്തൊക്കെയോ ആയിരുന്നു അവളുടെ ഉള്ളിലും പ്രണയം. സമ്മാനങ്ങള്‍ നല്‍കി ഒരു വാലെന്റൈന്‍ ദിനത്തില്‍ ഓര്‍മ്മപ്പെടുത്തേണ്ടതിനപ്പുറം എന്തൊക്കെയോ.

രാത്രിയുടെ മറവില്‍, നിദ്രയുടെ പടിവാതുക്കല്‍ എത്തി നില്‍ക്കുമ്പോള്‍ അവളുടെ മെസേജ്. “എങ്കിലും നീ ഇന്ന് എനിക്കൊരു മെസേജ് പോലും...,