Monday, August 31, 2020

പൊന്നോണം

അകലെയൊരാവണി
പൂവിളി ആരവം
ഇളകിയാടും
പൂമരത്തിന്റെ ചില്ലകൾ

ഇടവഴികൾ താണ്ടി നാം
പൂക്കളിറുത്തും
പൂക്കളം തീർക്കുന്ന
കുഞ്ഞുന്നാളോർമ്മകൾ
 
അകലെയൊരു പുഴയുണ്ട്
കാവുണ്ട് കുളമുണ്ട്
കൂടെ കളിക്കുവാൻ
കൂട്ടരുണ്ട്,

പലവഴികൾ താണ്ടി നാം
പലയിടങ്ങളിലിന്ന്
പലരായി പലതും
പരിതപിച്ചീടുന്നു

അകലെയൊരോർമ്മയായി
നിറമുള്ള പൂക്കളും
നാട്ടുകളികളും പൂവിളി പാട്ടും 
തൂശനിലയിൽ തുമ്പപ്പൂ ചോറും

പകലന്തിയോളം
പറമ്പാകെ നമ്മൾ
ഓടിക്കളിച്ചതും
ഊഞ്ഞാലാടുന്നതും

ഓർമ്മകൾ നോവുള്ള
മധുരമായി മാറുമ്പോൾ
ഓർമയിലെത്തുമെന്നും
ആ പോയകാലം.

അവിടെയെൻ മുറ്റത്തെ -
ന്നോമാന പൊൻകിളി
ഒമാന കുസൃതിയായി
ഓടിക്കളിക്കുമ്പോൾ

എങ്ങോ മറന്നിട്ടൊരു
ബാല്യകാലത്തിൻ
മന്ദസ്മിതമായെൻ
ചുണ്ടുകൾ പൂക്കുന്നു

നന്മതൻ കണ്ണീരാൽ
പുണ്യമാകുന്നീ ജന്മവും
നാടും നാട്ടുവഴികളും
എന്നോർമ്മകളും.


Sunday, August 30, 2020

ആ രണ്ട് പേർ

ഓരോ പ്രാവശ്യം
കണ്ടു പിരിയുമ്പോഴും
അവർ ചുംബനങ്ങൾ
കൈമാറിയിരുന്നു,
എങ്കിലും ചുംബിക്കാൻ വേണ്ടി
ആയിരുന്നില്ല കണ്ടതൊന്നും.

ചിലപ്പോഴൊക്കെ അവർ
ഒന്നും മിണ്ടാതിരുന്നു,
പകുതിയിലേറെയും നേരം.
മിഴികൾ മിണ്ടുമ്പോൾ
വാക്കുകൾ മൗനമാകുക
അത് അനിവാര്യമാണെന്ന്.

ഈ ലോകത്തെക്കുറിച്ചെത്ര
മിണ്ടിപ്പറഞ്ഞിരുന്നിട്ടും 
പ്രണയം മാത്രം പറഞ്ഞില്ല,
രണ്ട് ഹൃദയങ്ങൾ തമ്മിൽ
ചേർന്നിരിക്കുമ്പോൾ
പ്രണയം എന്തിന് പറയണം.

ഒടുവിൽ പിരിയുന്ന നാളും
നൊന്തില്ല, കണ്ണീരിറ്റിച്ചില്ല,
യാത്ര പറഞ്ഞിട്ടുമില്ല.
യാത്ര ചൊല്ലി പിരിയുവാൻ
മനുഷ്യരായിരുന്നില്ലത്രെ,
രണ്ട് ആത്മാക്കളായിരുന്നെന്ന്.

ഓരോ ചുംബനത്തിലും
മൗനത്തിലും
ഹൃദയമിടുപ്പിലും
അവർ പരസ്പരം
പങ്കിടുകയായിരുന്നു
നാളെയുടെ നേരും നോവും

അവർ, ആ രണ്ടുപേർ, 
ഓരോ പ്രാവശ്യം
കണ്ടു മുട്ടുമ്പോഴും 
അവർ പുനർജനിക്കുകയായിരുന്നു.

Thursday, August 13, 2020

മഴത്തുള്ളികൾ

അന്ന് അവസാനമായി
നീ ചുംബനം തന്ന
ആ ഇടനാഴിയിലെ
നിശബ്ദതയാണിന്നും
ചില പകലുകൾക്ക് പോലും

സന്ധ്യക്ക്‌ ജനലഴികളിലൂടെ
അകലേക്ക്‌ നോക്കി നിൽക്കും
നിലാവിൽ നക്ഷത്രങ്ങൾ മിന്നും 
ചിലപ്പോഴൊക്കെ മേഘങ്ങൾ
അരികിലേക്ക് പറന്നു വരും

ഒപ്പം പറക്കാൻ കൊതിക്കുന്ന
ചില നിമിഷങ്ങളുണ്ട്
നോവിന്റെ ഭാരം കൊണ്ട്
കൊഴിഞ്ഞു വീണുടയുന്ന
കണ്ണീരായി ശേഷിക്കുന്നവ

Tuesday, August 4, 2020

രണ്ടാമത്തെയാൾ

നമ്മളില്‍ രണ്ടാമത്തെയാ-
ളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടൊ?

എഴുതി വെക്കാനാവാത്ത
വേദനയാല്‍ നീറുന്നയാളെ,

വരച്ചു മുഴുവിക്കാനാവാത്ത
ചിത്രങ്ങളാല്‍ നോവുന്നയാളെ,

പറഞ്ഞു തീര്‍ക്കാനാവാതെ
ഉള്ളുരുകിത്തീരുന്ന ആളിനെ...

പ്രതീക്ഷയുടെ തിരി കെടുത്തി
ഓര്‍മകളില്‍ വേദനിക്കുന്നയാളെ,

നമ്മളില്‍ ആദ്യം മരിക്കുന്നയാളെ
ഓര്‍ത്ത് നൊന്തു ജീവിക്കുന്ന

രണ്ടാമത്തെയാളെ കുറിച്ച് നീ
എപ്പോഴേലും ചിന്തിച്ചിട്ടുണ്ടൊ?

Saturday, August 1, 2020

ശലഭം


മഴത്തുള്ളികൾ

ഒരാൾകൂട്ടത്തിനിടയിൽ എന്നെയോർത്തു
ഒന്ന് പൊട്ടിക്കരയാനാവാതെ നിൽക്കുന്ന
നിന്നെ കുറിച്ചെനിക്ക് ഓർക്കാനാവുന്നില്ല

ഏകാന്തതയിൽ നെഞ്ചിലൊരു വിങ്ങലായി
ഉരുകിവീഴുന്ന നിന്റെ കണ്ണുനീരായി
എന്നെക്കുറിച്ചുള്ള ഓർമ്മകൾ
നിന്നിൽ നീറുമെന്നതും എന്നെ നോവിക്കുന്നു

കത്തി തീരുന്ന ദേഹത്തിന്റെ ചൂടേറ്റു
നിന്റെ മുഖം തളരുമ്പോഴും 
പ്രത്യാശയുടെ തീരത്തു നിന്ന് നീ
നമ്മെക്കുറിച്ചു സ്വപ്നം കാണുന്നുണ്ടാവും 

നിന്റെ അസാന്നിധ്യത്താൽ  നോവുന്നതു
എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ,
നന്മയുടെ തിരിച്ചറിവായതിനാലാവും
ചിലനിമിഷത്തിൽ ഞാനും ഓർക്കാറുണ്ട്

എനിക്കൊരു നിമിഷം മുൻപേ
നീ യാത്രയാവണം എന്നത്.....

അടുക്കള