Monday, September 10, 2018

കാത്തിരുപ്പ്

എനിക്കൊന്നൂടെ കാണണം
ഒരു തവണയെങ്കില്‍ കൂടി.

പറ്റുമെങ്കില്‍ ഒരൊറ്റ മുറിക്കുള്ളില്‍
സൂര്യനും നക്ഷ്ത്രങ്ങളും അറിയാതെ
കുറച്ചു നേരം മിണ്ടാതിരിക്കണം,
ആദ്യമായിട്ടെന്നപോലെ.


അല്ലെങ്കില്‍ ഒരു കായലിനു നടുവില്‍
ഓളപ്പരപ്പില്‍ താളമിടുന്ന
കാറ്റിനോട് കഥകള്‍ ചൊല്ലി
എനിക്കിരിക്കണം, നിന്നെ ചാരി.

ശേഷം യാത്ര പറയാതെ രണ്ടിടത്തേക്ക്,
കാത്തിരിക്കാനായിട്ടെന്നപോലെ...

നമ്മള്‍

അന്ന്,
ഇതുപോലൊരു
നട്ടുച്ച നേരത്ത്
നമ്മളാദ്യമായി പിരിഞ്ഞു.

പിന്നെയും,
നനുത്ത സ്വപ്നങ്ങളില്‍,
ഉണരുന്ന ഓര്‍മ്മകളില്‍
നീയും ഞാനും
നമ്മളെന്ന ഒറ്റ വാക്കായി,
എത്രനാളങ്ങനെ....

ഇന്ന്,
നീയും ഞാനും
എന്നില്‍ നമ്മളായും,
നിന്നില്‍
നീയും ഞാനുമായും
ശേഷിക്കുന്നു....

അന്ന്,
ഇതുപോലൊരു
നട്ടുച്ച നേരത്താണ്
നമ്മള്‍ ആദ്യമായി പിരിഞ്ഞതും
ഒടുവിലായി കണ്ടതും....


Wednesday, September 5, 2018

മോഹം

എന്റെ സ്വപ്നങ്ങളിലെ വർണ്ണങ്ങളെടുത്ത്
നിന്റെ ഹൃദയമിടുപ്പിനു മേലെ
എനിക്കൊരു ചിത്രം വരയ്ക്കണം,

നാഭിച്ചുഴികളിലേക്ക് വേരോടുന്നൊരു
ചുവന്ന താമരപ്പൂവിന്റെ ചിത്രം.

വിടർന്ന പൂവിനടിയിലായി
വാടി തളർന്നൊരിലയായി
എനിക്ക് നിന്നോടൊട്ടിച്ചേരണം....

നിന്റെ ചുണ്ടിലെ തേൻ തുള്ളികളെടുത്ത്
ആ നുണക്കുഴികളിൽ ചാലിച്ച്
എന്റെ മാറിലൊരു ചിത്രം വരയ്ക്കണം,

ചെറു നോവായി നെഞ്ചിലാഴ്ന്നിറങ്ങുന്ന
നിന്റെ ഓർമ്മകളുടെ മണമുള്ള
ഒരു ചുവന്ന കടലാസ് പൂവിന്റെ ചിത്രം.

ആ നോവിന്റെ ലഹരിയിൽ
എനിക്ക് നിന്നെക്കുറിച്ചെഴുതണം....

വേനൽ മഴ