Tuesday, April 30, 2024

മഴത്തുള്ളികൾ

എന്റെ ശവകുടീരത്തിനു മുകളിലായി
എന്റെ നെഞ്ചോട് ചേർത്തൊരു മരം നടണം,
പടർന്നു പന്തലിച്ച ശിഖിരങ്ങളിൽ 
ചുമന്ന പൂക്കൾ വിരിയുന്നൊരു പൂമരം.

ആ മരത്തണലിൽ നീയെന്നരികിലിരിക്കണം 
വിടർന്ന ചില്ലകളിൽ പറവകൾ ചേക്കേറട്ടെ,
കൊഴിയുന്ന പൂക്കളിൽ നിന്റെ പാദങ്ങൾ പതിയട്ടെ,
നിറയുന്ന മിഴികളിൽ എന്റെ ഓർമ്മകൾ പൂക്കട്ടെ

നിലാവിൽ കൊഴിയുന്ന നിന്റെ മിഴിനീരിൽ 
പാതി വഴിയിൽ നിലച്ചുപോയ ഹൃദയം 
പറയാതെ ബാക്കിവെച്ച ഇഷ്ടങ്ങളും 
പരിഭവങ്ങളുമാവട്ടെ....

എന്റെ ശവകുടീരത്തിനു മുകളിലായി
എന്റെ നെഞ്ചോട് ചേർത്ത് 
നീയൊരു പൂമരം നടണം...

Friday, April 26, 2024

മന്ദാരം

അത്രക്ക് വേണ്ടപെട്ടൊരാൾ....
ഹൃദയത്തോട് ചേർന്ന് നിന്നൊരാൾ...

എത്രത്തോളം എന്നിലുണ്ടെന്ന്
ആർക്കുമറിയാതെ സൂക്ഷിച്ചു വെച്ചൊരാൾ,

ഹൃദയമിടുപ്പുപോലെ ഓരോ ശ്വാസത്തിലും 
അലിഞ്ഞു ചേർന്നൊരാൾ....

പെട്ടന്ന്  ഇറങ്ങിപോകുമ്പോൾ
നെഞ്ചിലൊരു പിടച്ചിലുണ്ട്.....

കരയിൽ പിടിച്ചിട്ടൊരു മീനിനെ പോലെ
ശ്വാസം കിട്ടാതെ പിടയുന്നൊരു നോവ്,

ആരോടും പറയാനാവാതെ,
ഒന്ന് പൊട്ടിക്കരയാനാവാതെ
സ്വയം എരിഞ്ഞടങ്ങനാവാതെ
നീറി നീറി തീരുന്നൊരു നോവ്...

എഴുതി വെക്കാനോ, പറഞ്ഞു തീർക്കനോ
കഴിയാത്തൊരു നഷ്ടപ്പെടലിന്റെ തീരത്ത് 
ഒറ്റപ്പെടാറുണ്ട് ഞാനെപ്പോഴൊക്കെയോ.

മിഴിയറിയാതെ കരയാറുണ്ടെന്റെ നെഞ്ചിനുള്ളം

നമ്മെ കുറിച്ചോർത്തിരിക്കുന്ന
ചില സമയങ്ങളിൽ മാത്രം....