Wednesday, September 9, 2020

രണ്ട് കിളികൾ

ഇനിയെനിക്ക്
നിന്നെയൊന്നു കേൾക്കണം, 
ഒന്നും മിണ്ടാതെ
മറുപടി പറയാതെ
നിന്നെമാത്രം കേൾക്കണം.

പറഞ്ഞു തീരാത്ത പരിഭവവും, 
ചുണ്ടിലെ വിങ്ങലും, 
നിന്റെ ഹൃദയമിടുപ്പും
എനിക്ക് കേൾക്കണം.

ഒരു ചെറു വിങ്ങലിനൊടുവിൽ, 
ഒരു പൊട്ടിക്കരച്ചിലിൽ,
പറയാതെ നീയെല്ലാം
പറഞ്ഞെന്നിരിക്കാം.

കാട്ടാറിന്റെ തീരത്തുള്ള
കുന്നിൻ മുകളിലിരുന്ന് 
നീ ഉച്ചത്തിലൊന്ന് കൂവണം, 
അതൊരു ഇടിനാദമായി
എന്നിലേക്കെത്തട്ടെ.

നിലാവിൽ നമ്മൾ ചേക്കേറാറുള്ള
ആ വലിയ മരത്തിന്റെയൊരു 
ചില്ലയിലിരുന്നൊന്നു പാടണം,
നിന്റെ ഹൃദയമിടിപ്പ് ഞാനറിയട്ടെ.

അടർന്നുവീണ രണ്ടിലകളായി
നമുക്ക് ഒട്ടിച്ചേരണം, 
കുറെ പറന്നു നടക്കണം, 
അപ്പോഴും എനിക്കൊന്നും
മിണ്ടാനുണ്ടാവില്ല.

നീലാകാശത്തിന്റെ
നിഴൽ വീണ, അലയടിക്കുന്ന
നീല തിരമാലകളായി നീ
നിന്നെത്തേടി ഞാനലയുന്ന
തീരങ്ങളിലേക്ക് ഒഴുകിയെത്തണം.

അവിടെ ആ തീരത്തെനിക്ക്
നിന്നെ മാറോടണക്കണം, 
ഞാൻ നിന്നിൽ പടരുമ്പോൾ
നിനക്ക് നിലാവിന്റെ നിറമാകട്ടെ, 
എനിക്ക് അസ്തമനത്തിന്റെയും.

നീ പിന്നെയും പറന്നു നടക്കണം, 
കാടും മലയും പുഴയും കടലും താണ്ടി
ഞാനലഞ്ഞിരുന്ന ഇടങ്ങളിലൂടെല്ലാം.
ചിലയിടങ്ങളിലൊക്കെ
നിനക്കെന്റെ ഗന്ധമറിയും, 
ചിലയിടങ്ങളിൽ എന്റെ ചൂടും.

വഴിയിടങ്ങളിൽ
കൊഴിഞ്ഞു വീണ
എന്റെ തൂവലുകൾ ഉണ്ടാവാം, 
അമ്പേറ്റ് ഇറ്റുവീണ
ചോരപ്പാടുകൾ ഉണ്ടാവാം, 
എങ്കിലും നീ പറന്നു നടക്കണം

എന്റെ ചോര വീണ
മരച്ചില്ലകളിലും
തൂവൽ കൊഴിച്ചിട്ട
വഴിമര തണലുകളിലും
എന്റെ ഓർമകൾ ഉള്ളിടത്തെല്ലാം
നീ പാടിയിറങ്ങണം

എനിക്കിനിയും കേൾക്കണം, 
എനിക്കിനി നിന്നെയൊന്നു
കേൾക്കണം....

Saturday, September 5, 2020

തൂലിക

ഒരൊറ്റ നിമിഷത്തില്‍
ഒരുപാടെഴുതും നിന്നെക്കുറിച്ച്,

എല്ലാത്തിനും ഒറ്റ അര്‍ത്ഥമാകയാല്‍
വലിച്ചു കീറി മുറ്റത്തെറിയും ഞാന്‍.

മുറ്റം തൂത്ത് തുണ്ട് കടലാസുകള്‍
ചേര്‍ത്ത് വായിച്ച കാറ്റാണ് പറഞ്ഞത്

എനിക്കു നിന്നോട് ഭ്രാന്താന്ന് .
കള്ളകാറ്റ് നിന്നൊടും പറഞ്ഞിട്ടുണ്ടാവും

ആ ഭ്രാന്തിനെ സ്നേഹമെന്ന് വിളിച്ച്
നെഞ്ചോട് ചേര്‍ത്ത് പിടിച്ചത് നീയല്ലെ.