Tuesday, November 24, 2020

മഴത്തുള്ളികൾ

എന്റെ വഴിയിടങ്ങളിൽ
ഇന്നും മഴ പെയ്യാറുണ്ട്,
വസന്തം പൂക്കാറുണ്ട്
പുല്ലുകൾ തളിർക്കാറുണ്ട്

ഇലകൊഴിഞ്ഞ വഴിമരങ്ങളിൽ
കുയിലുകൾ പാടുന്നുണ്ട്
ശലഭങ്ങൾ നൃത്തമാടും
ഒടുവിൽ സന്ധ്യ ചേക്കേറും

വസന്തം പൂക്കുന്നത് 
ഓർമ്മകളുമായിട്ടാണ്
നിലാവിൽ ചിറകുരുമ്മി
പാറി നടന്നിരുന്ന രണ്ട്
ശലഭങ്ങളുടെ ഓർമ്മകളുമായി

മഴ പറയുന്നത് പ്രണയമാണ്
വേനലിൽ ചിറകറ്റു വീണ
രണ്ട് കിളികളുടെ പ്രണയം
ഒരു മഴ പെയ്യാൻ കൊതിച്ച
രണ്ട് കിളികളുടെ പ്രണയം

Wednesday, November 4, 2020

മഴത്തുള്ളികൾ

ഇവിടെ മഴ പെയ്തു തുടങ്ങി മീരാ,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
ഇങ്ങനെ, എന്നെപ്പോലെ ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.

വര്‍ഷകാലത്തിന്‍റെ ആദ്യത്തെ മഴക്ക്,
ഈ വേനല്‍ മഴക്ക് നിന്‍റെ ഗന്ധമുണ്ട്
ജനലഴികളിലൂടെ എത്തിനോക്കുന്ന മഴനീരിന്
നിന്‍റെ മിഴിനീരിന്‍റെ ചൂടുപോലെന്തൊ,

ഒഴുകിവന്ന മേഘങ്ങള്‍ക്കു പിന്നില്‍
വിരിഞ്ഞ മഴവില്ലു പോലെ, നിന്നെ പോലെ
ഒരു നക്ഷത്രം എന്നേ നോക്കി ചിരിക്കുന്നു മീരാ
ചിലപ്പോഴൊക്കെ പരിഹസിക്കുന്ന പോലെ.

നിന്‍റെ മുറ്റത്തു പെയ്യുന്ന തുള്ളികളില്‍..,
വെയിലേറ്റു വാടാതെ തണലില്‍ നീ നട്ട
പനനീര്‍ ചെടിയിലകളില്‍ നിന്നും
വീഴാന്‍ മടിച്ച് നിന്ന്, ഒടുവിലായി
വീണുടഞ്ഞ മഴനീരില്‍ പോലും
നീ എന്നെ, നമ്മളെ തിരഞ്ഞതില്ലെ മീരാ.

ഇവിടെ മഴ പെയ്തു തോരുന്നു മീരാ...
അന്നാദ്യം നമ്മുടെ മൌനത്തിന് താളമേകിയ,
നിന്‍റെ നാണത്തിന് അഴകേറിയ മഴയല്ല,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
എന്നെപ്പോലെ, ഇങ്ങനെ... ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.