Wednesday, November 4, 2020

മഴത്തുള്ളികൾ

ഇവിടെ മഴ പെയ്തു തുടങ്ങി മീരാ,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
ഇങ്ങനെ, എന്നെപ്പോലെ ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.

വര്‍ഷകാലത്തിന്‍റെ ആദ്യത്തെ മഴക്ക്,
ഈ വേനല്‍ മഴക്ക് നിന്‍റെ ഗന്ധമുണ്ട്
ജനലഴികളിലൂടെ എത്തിനോക്കുന്ന മഴനീരിന്
നിന്‍റെ മിഴിനീരിന്‍റെ ചൂടുപോലെന്തൊ,

ഒഴുകിവന്ന മേഘങ്ങള്‍ക്കു പിന്നില്‍
വിരിഞ്ഞ മഴവില്ലു പോലെ, നിന്നെ പോലെ
ഒരു നക്ഷത്രം എന്നേ നോക്കി ചിരിക്കുന്നു മീരാ
ചിലപ്പോഴൊക്കെ പരിഹസിക്കുന്ന പോലെ.

നിന്‍റെ മുറ്റത്തു പെയ്യുന്ന തുള്ളികളില്‍..,
വെയിലേറ്റു വാടാതെ തണലില്‍ നീ നട്ട
പനനീര്‍ ചെടിയിലകളില്‍ നിന്നും
വീഴാന്‍ മടിച്ച് നിന്ന്, ഒടുവിലായി
വീണുടഞ്ഞ മഴനീരില്‍ പോലും
നീ എന്നെ, നമ്മളെ തിരഞ്ഞതില്ലെ മീരാ.

ഇവിടെ മഴ പെയ്തു തോരുന്നു മീരാ...
അന്നാദ്യം നമ്മുടെ മൌനത്തിന് താളമേകിയ,
നിന്‍റെ നാണത്തിന് അഴകേറിയ മഴയല്ല,
അഴകില്ലാതെ താളമില്ലാതെ നീയില്ലാതെ
എന്നെപ്പോലെ, ഇങ്ങനെ... ഒറ്റക്കിങ്ങനെ
പെയ്തു തോരുന്നു മീരാ ഓരോ തുള്ളിയും.

0 comments: