Monday, August 31, 2020

പൊന്നോണം

അകലെയൊരാവണി
പൂവിളി ആരവം
ഇളകിയാടും
പൂമരത്തിന്റെ ചില്ലകൾ

ഇടവഴികൾ താണ്ടി നാം
പൂക്കളിറുത്തും
പൂക്കളം തീർക്കുന്ന
കുഞ്ഞുന്നാളോർമ്മകൾ
 
അകലെയൊരു പുഴയുണ്ട്
കാവുണ്ട് കുളമുണ്ട്
കൂടെ കളിക്കുവാൻ
കൂട്ടരുണ്ട്,

പലവഴികൾ താണ്ടി നാം
പലയിടങ്ങളിലിന്ന്
പലരായി പലതും
പരിതപിച്ചീടുന്നു

അകലെയൊരോർമ്മയായി
നിറമുള്ള പൂക്കളും
നാട്ടുകളികളും പൂവിളി പാട്ടും 
തൂശനിലയിൽ തുമ്പപ്പൂ ചോറും

പകലന്തിയോളം
പറമ്പാകെ നമ്മൾ
ഓടിക്കളിച്ചതും
ഊഞ്ഞാലാടുന്നതും

ഓർമ്മകൾ നോവുള്ള
മധുരമായി മാറുമ്പോൾ
ഓർമയിലെത്തുമെന്നും
ആ പോയകാലം.

അവിടെയെൻ മുറ്റത്തെ -
ന്നോമാന പൊൻകിളി
ഒമാന കുസൃതിയായി
ഓടിക്കളിക്കുമ്പോൾ

എങ്ങോ മറന്നിട്ടൊരു
ബാല്യകാലത്തിൻ
മന്ദസ്മിതമായെൻ
ചുണ്ടുകൾ പൂക്കുന്നു

നന്മതൻ കണ്ണീരാൽ
പുണ്യമാകുന്നീ ജന്മവും
നാടും നാട്ടുവഴികളും
എന്നോർമ്മകളും.


0 comments: