Wednesday, January 19, 2011

മഴത്തുള്ളികൾ 2

പ്രണയമഴത്തുള്ളികള്‍

ഒരു വേനലിനൊടുവില്‍ ചുടുമണ്ണിന്റെ ഗന്ധം വാരിവിതറി പെയ്തൊഴിഞ്ഞ മഴത്തുള്ളികളോട് പറഞ്ഞറിയിക്കുവാനാവാത്ത ഒരു ആത്മബന്ധമുണ്ട്. വിഷുക്കൊന്നകള്‍ പൂത്തുലഞ്ഞുനിന്ന മേടമാസത്തിലെ ഒരു വേനല്‍ മഴയില്‍ തുടങ്ങി മറ്റൊരു പെരുമഴക്കൊടുവില്‍ നഷ്ടപ്പെട്ടുപോയ ഒരു പ്രണയത്തിന്റെ മധുരനൊമ്പര സ്മരണകള്‍. പെയ്തുതോരാത്ത മഴ പോലെയായിരുന്നു പ്രണയം.

കോളേജ് മുറ്റത്തെ ചെമ്പകമരത്തിന്റെ മറവില്‍ അവള്‍ക്കുള്ള ആദ്യത്തെ പ്രണയലേഖനം കൈമാറുമ്പോള്‍ അപ്രതീക്ഷിതമായി പെയ്ത ഒരു വേനല്‍മഴ. ആളൊഴിഞ്ഞ പഴയ കെട്ടിടത്തിന്റെ ഇടനാഴിയിലേയ്ക്ക് അവളുടെ കൈപിടിച്ച് ഓടിക്കയറുമ്പോള്‍ പൊട്ടിവീണ കുപ്പിവളകളുടെ പേരില്‍ മുഖം തിരിച്ചു നിന്നത് ഒരു പ്രണയത്തിന്റെ ആദ്യ പരിഭവം. ആകാശത്ത് പെയ്തൊഴിയുവാനായി കാര്‍മേഘങ്ങള്‍ പീലി നിവര്‍ത്തുമ്പോള്‍ താഴെ ഇരുള്‍ വീണുതുടങ്ങിയ ഇടനാഴിയില്‍ ഒരു പ്രണയകാലം തുടക്കം കുറിക്കുകയായിരുന്നു, ഒരു മഴക്കാലത്തോടൊപ്പം അവളുടെ പ്രണയവും എന്നിലേക്ക് പെയ്തിറങ്ങുകയായിരുന്നു.

ഇലത്തുമ്പിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികളെ ഇമവെട്ടാതെ നോക്കി നില്‍ക്കെ പിന്നിലായി അരികിലേക്കടുക്കുന്ന കൊലുസിന്റെ നേര്‍ത്ത ശബ്ദ്ധം. “നീ ഈ മഴയെക്കാളേറെ എന്നെ പ്രണയിക്കുന്നുവോ” ആദ്യമായി അവളുടെ പ്രണയം തുറന്നു പറഞ്ഞ ആ വാക്കുകള്‍ക്ക് ഒരു പുതുമഴയുടെ ഈണമായിരുന്നു. എന്തു പറയണമെന്നറിയാതെപോയ കുറച്ചു നിമിഷങ്ങള്‍ ആ മിഴികളിലേക്ക്തന്നെ നോക്കിനിന്നു.

“ഈ മഴ പോലെ ഇനി ഓരോ രാവും പകലും ഞാന്‍ നിന്നില്‍ പെയ്തിറങ്ങും. രാത്രിനേരങ്ങളില്‍ ജനലഴികളിലൂടെ വീശിയെത്തി നിന്നെ പുണരുന്ന മഴത്തുള്ളികളില്‍ എന്റെ പ്രണയമുണ്ടാവും” മനസ്സ് പിന്നെയും എന്തൊക്കെയോ മന്ത്രിച്ചുകൊണ്ടിരുന്നു. അവിടെ വിരിഞ്ഞു നിന്നിരുന്ന ഒരു വെളുത്ത മന്ദാരപ്പൂവ് ആയിരുന്നു അവള്‍ക്കെന്റെ ആദ്യ പ്രണയസമ്മാനം. അതിലുണ്ടായിരുന്ന മഴത്തുള്ളികള്‍ എന്റെ മുഖത്തേക്കു കുടഞ്ഞു ചിരിച്ചുകൊണ്ടവള്‍ ഓടിമറഞ്ഞ ആ നിമിഷം മുതലാവാം ഞാന്‍ മഴയേയും പ്രണയിച്ചുതുടങ്ങിയത്.

കൈയ്യും മനവും കോര്‍ത്തുപിടിച്ചു, ഒരിക്കലും നഷ്ടപ്പെടുത്തരുതേയെന്നു പ്രാര്‍ത്ഥിച്ചു നാളെയെക്കുറിച്ചു സ്വപ്നം കണ്ടിരുന്ന രണ്ടു മനസ്സുകളുടെ തീരാമോഹമായിരുന്നു പിന്നീടുള്ള ഓരോ മഴക്കാലവും. ചാറ്റമഴ നനഞ്ഞ് പാടവരമ്പിലൂടെ അവളുടെ കൈപിടിച്ചു നടന്ന എത്ര സന്ധ്യകള്‍. ഒരു കുടക്കീഴില്‍ തോളുരുമി നടക്കുമ്പോള്‍, വഴിയോരത്തെ തണല്‍മരത്തിന്റെ മറവില്‍ ആരുമറിയാതെ അവളുടെ കൈവെള്ളയില്‍ ചുംബിക്കുമ്പോള്‍, ആളൊഴിഞ്ഞ ഇടനാഴിയില്‍ അവളെ നെഞ്ചോടു ചേര്‍ത്തുപിടിക്കുമ്പോള്‍... അങ്ങനെ എത്രയെത്ര നിമിഷങ്ങളില്‍ ‘ഈ മഴ തോരാതെ പെയ്തിരുന്നുവെങ്കില്‍” എന്നാശിച്ചട്ടുണ്ട്.

പിന്നെയുള്ളതെല്ലാം വേദനയുടെ വേനല്‍ക്കാലമായിരുന്നു. കോരിച്ചൊരിയുന്ന മഴയത്തും മനസ്സ് നീറി ഉരുകുന്ന ദിവസങ്ങള്‍.

ഓട്ടോഗ്രാഫുകളിലും, ഡയറി താളുകളിലും സ്നേഹം നിറഞ്ഞ വരികള്‍ കുറിച്ചിട്ട്, മിഴിനീര് കൊഴിച്ച് ഇനിയും കാണാമെന്ന് യാത്രചൊല്ലി പിരിയുന്ന സുഹൃത്തുക്കള്‍. അവിടെനിന്നും ആ പഴയ കെട്ടിടത്തിലേക്ക് അവള്‍ക്കൊപ്പം നടക്കുമ്പോള്‍ പ്രണയകാലത്തിന്റെ ആദ്യവേദന തിരിച്ചറിഞ്ഞു. ഒന്നും പറയാതെ വിതുമ്പി നിന്ന അവളുടെ അരികില്‍ മൌനമായി നിന്നുപോയ നിമിഷങ്ങള്‍. അതൊരു ചെറു വിങ്ങലിലുടെ ഒരു കരച്ചിലായി. ഒരു പെരുമഴപോലെ പൊട്ടികരഞ്ഞുനിന്ന അവളെ മാറോടു ചേര്‍ത്തുപിടിച്ചു. കവിളില്‍ കരിമഷി പടര്‍ത്തിയ കണ്ണീര്‍ത്തുള്ളികള്‍ക്ക് അന്ന് മഴത്തുള്ളികളുടെ കുളിര്‍മയില്ലായിരുന്നു. അന്നാദ്യമായി അവളുടെ ചുണ്ടില്‍നിന്നും പ്രണയത്തിന്റെ തേന്‍തുള്ളികള്‍ കവര്‍ന്നെടുക്കുമ്പോള്‍ തിമിര്‍ത്തുപെയ്യുന്നൊരു മഴയുടെ ആവേശമായിരുന്നു മനസ്സുനിറയെ.

“ഒരു മഴ പെയ്തിരുന്നുവെങ്കില്‍, ഒരു നിമിഷം ഒരു മഴത്തുള്ളിയായി എനിക്കു നിന്നിലലിഞ്ഞു ചേരുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍…”. നിറകണ്ണുകളുമായി മാറോടു ചേര്‍ന്നു വിതുമ്പിനില്‍ക്കെ അവളെന്തെക്കെയോ പുലമ്പിക്കൊണ്ടിരുന്നു.

നിറഞ്ഞു തുളുമ്പുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുകൊണ്ട് അവളുടെ കൈപിടിച്ച് ഇടനാഴിയിലൂടെ നടക്കുമ്പോള്‍ നാളെക്കുറിച്ചു മാത്രമായിരുന്നു അവള് ചോദിച്ചിരുന്നത്. പ്രതീക്ഷകള്‍ മാത്രമുള്ള ഉത്തരമില്ലാത്ത കുറച്ചു ചോദ്യങ്ങള്‍.

പരിഭവവും പരാതിയുമായി ഇണങ്ങിയും പിണങ്ങിയും പിന്നെയും എത്രനാള്‍ പക്ഷെ, വിധിയുടെ അവസാന തീര്‍പ്പ് പിരിയുക എന്നതു തന്നെയായിരുന്നു. എന്തിനെന്നറിയാതെ നഷ്ടപെട്ടുപോയൊരു പ്രണയം. വഴിയോരങ്ങളിലും അമ്പലങ്ങളിലും മറ്റും വച്ച് ഒരു വാക്കുപോലും മിണ്ടാതെ നടന്നകലുമ്പോഴും എവിടെയോ ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു.

മാസങ്ങള്‍ക്കു ശേഷം കോരിച്ചൊരിയുന്നൊരു മഴയത്ത് കുടത്തുമ്പിലൂടെ ഇറ്റുവീഴുന്ന മഴത്തുള്ളികള്‍ക്കിടയിലൂടെ അവസാനമായി അവളെ കാണുമ്പോള്‍, ആ രാത്രിയുടെ ദു:ഖമായി അവളുടെ മിഴികള്‍ നനഞ്ഞിരുന്നു. ചിരിക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെപോയൊരു പുഞ്ചിരി ഒരു വിതുമ്പലായി മാറുമ്പോള്‍ മുഖം കുനിച്ചവള്‍ നടന്നകന്നു. പെയ്തു തോരാത്ത മഴപോലെ പറയാതെ ബാക്കിവച്ച വാക്കുകളുമായി അവള്‍ നടന്നകലുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഒരു ചെറു പ്രതീക്ഷയുടെ നീര്‍ത്തുള്ളികള്‍ കവിളില്‍ ചൂടു പകര്‍ന്നു.

ഇന്നും ഏറെയിഷ്ടപെടുന്ന മഴക്കാല ഓര്‍മ്മകള്‍ക്കൊപ്പം ആദ്യം മനസ്സിലോടിയെത്തുന്ന പ്രണയകാലം, ആ പ്രണയകാലത്തിന്റെ ഓര്‍മ്മകളുടെ വേദനയുമായി വീണ്ടുമെത്ര മഴക്കാലം വന്നുപോയി. പരിഭവം പറയാതെ പിണങ്ങാതെ വേദനയുടെ ആഴങ്ങളില്‍ നീറിക്കഴിയുവാന്‍, പ്രതീക്ഷയോടെ കാത്തിരിക്കുവാൻ ഇനിയുമെത്ര മഴക്കാലം ബാക്കി.

കൊഴിഞ്ഞു വീഴുന്ന ഓരോ മഴത്തുള്ളികളുടെയും ഇളം തണുപ്പേല്‍ക്കുമ്പോള്‍, മുറ്റത്തു ഇറ്റു വീഴുന്ന മഴത്തുള്ളികളുടെ നാദം കേള്‍ക്കുമ്പോള്‍ ഓര്‍ക്കുന്നുണ്ടാവാം അവളും ഹൃദയാര്‍ദ്രമായ ഒരു പ്രണയകാലം. ഒന്നു പൊട്ടിക്കരയുവാന്‍ കഴിയാതെ ഒരു പുഞ്ചിരിയുടെ മറവില്‍ ആരുമറിയാതെ വേദനിക്കുന്നുണ്ടാവും. പെയ്തു തുടങ്ങിയ ഈ മഴ പോലെ ചിലപ്പോള്‍ എനിക്കായി ഒരുതുള്ളി കണ്ണുനീര്‍…

വേദിനിപ്പിക്കുന്നുവെങ്കിലും മഴ ഒരു സുഖമാണ്. ജനലിനരികില്‍ നിന്നു നല്ല ചൂടുള്ള കട്ടന്‍കാപ്പി ഊതി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് വീണ്ടും ഒരു മഴ പെയ്തു തുടങ്ങി. തിമിര്‍ത്തു പെയ്യുന്ന മഴക്കൊപ്പം ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കി ഒരു പ്രണയകാലം വീണ്ടും മനസ്സില്‍ പീലി വിടര്‍ത്തി ആടുന്നു. സ്വാന്തനമേകാന്‍ ജനലഴികളിലൂടെ വീശിയെത്തുന്ന മഴത്തുള്ളികള്‍.

രാത്രിയുടെ അവസാന ഇതളും കൊഴിഞ്ഞുവീഴും വരെ ആ മഴ പെയ്തുകൊണ്ടേയിരുന്നു....

17 comments:

രമേശ്‌അരൂര്‍ said...

ഓര്‍മയില്‍ വിരിഞ്ഞ കഥ ..നന്നായി ,,,ആശംസകള്‍

ഉമ്മുഅമ്മാർ said...

നിരാശയും പ്രണയവും പരിഭവും ഇണക്കവും പിണക്കവുമെല്ലാം എഴുത്തിലൂടെ കോർത്തെടുത്തു..മഴ നനുത്ത ഓർമ്മകളിൽ ചിന്തകളെ മേയാൻ വിടുമ്പോൾ ആ ഓർമ്മകൾക്കും ഉണ്ടാകും ഒരു കുളിരു കോരിയിടുന്ന നൊംബരം.. വളരെ നന്നായിരിക്കുന്നു.. മഴക്കാല പ്രണയവും വേർപിരിയലും .. എല്ലാം..നല്ലൊരു അനുഭൂതിയിലേക്കെത്താൻ കഴിഞ്ഞു.. വയനയിലൂടെ.. അഭിനന്ദനങ്ങൾ..

കല്ലിവല്ലി ! K@nn(())raan said...

ഹും, ഇതൊക്കെയാ പരിപാടി അല്ലെ!

കൊള്ളാമല്ലോ ഈ പ്രണയ മഴ. നല്ല പോസ്റ്റ്‌.

Subiraj said...

രമേശ്, ഉമ്മുഅമ്മാര്‍, കല്ലിവല്ലി..
നന്ദി, ആശംസകള്‍!!!

Jishad Cronic said...

പോസ്റ്റ് നന്നായി...

നിരക്ഷരൻ said...

ഓർമ്മകൾ എന്ന ലേബൽ കൂടെ ഉള്ളതുകൊണ്ട് ചോദിക്കുവാ... ആദ്യം സംഭവം പിന്നെ കഥ അല്ലെ ? :) കൊള്ളാം.

Subiraj said...

നന്ദി ജിഷാദ്

Subiraj said...

ഓര്‍മ്മകളായി മാറിയ അനുഭവങ്ങള്‍ ഒരു കഥയാക്കി എഴുതിയതാ മനോജേട്ടാ....

എന്റെ ആദ്യ് പോസ്റ്റിലെ ആദ്യ കമന്റ് മനോജേട്ടന്റെ വാക്കുകളായിരുന്നു...

നന്ദി കേട്ടോ,

സ്നേഹപൂര്‍വ്വം
സുബിരാജ്.

Anonymous said...

Vijumol Krishnaraj

subi anna..touching one...seriously...nalla attempt aarunnu..ezhuthanam ennulla chettante aagraham othiri uyarangalilekku pokatte ennu aashamsikkunnu..:-D

ഹാക്കര്‍ said...

കൊള്ളാം കേട്ടോ....ഇടക്കൊക്കെ ഇങ്ങോട്ടും ഒന്ന് വരണം http://www.computric.co.cc/

മുസ്തഫ പെരുമ്പറമ്പത്ത് said...

കാണുമ്പോള്‍ ഒരു നിരാശ കാമുകന്റെ ഭാവമോന്നും ഇല്ലല്ലോ.. വണ്ടി പോയാല്‍ തീവണ്ടി വരും മാഷെ,
എങ്കിലും മഴയും പ്രണയവും കോര്‍ത്തിണക്കി തീര്‍ത്ത കഥ മനോഹരമായിരിക്കുന്നു...

ശങ്കരനാരായണന്‍ മലപ്പുറം said...

ഇഷ്ടമായി!

jayarajmurukkumpuzha said...

valare nannayittundu...... aashamsakal.....

Sibin said...

really touching....

ജെ പി വെട്ടിയാട്ടില്‍ said...

ഓര്‍മ്മകള്‍ നന്നായിരിക്കുന്നു
ഗ്രീടിങ്ങ്സ് ഫ്രം ട്രിച്ചൂര്‍

Sheena S said...

nice....heart touching..

Nikhil Raj said...

nice work.. keep going