Monday, February 25, 2008

അനാമിക

ഒരു അവധിദിവസം തീ‌ര്‍ത്ത വേദനിപ്പിക്കുന്ന, മടിപ്പിക്കുന്ന ഏകാന്തതയില്‍ നിന്നുമൊരു മോചനം, ഒന്നു നടക്കാനിറങ്ങിയതാണു. ചീറിപ്പായുന്ന വാഹനങ്ങള്‍, ജോലികഴിഞ്ഞു വേഗം റൂമിലെത്താനായി പാതി ഓടിയും, നടന്നും പോകുന്നവര്‍, ബസ് കാത്തുനില്‍ക്കുന്നവര്‍, ഈ ലോകത്തു ഞാനും നീയും മാത്രം എന്ന രീതിയില്‍ കാമിതാക്കള്‍, വഴിവാണിഭക്കാര്‍, യാചകര്‍, പതിവുകാഴ്ചയായ തെരുവുനായ്ക്കള്‍... ചുറ്റുമുള്ളതിനെക്കുറിച്ച് ചിന്തിക്കാതെ ഒരു ലക്ഷയ്മില്ലാതെ ഒറ്റക്കങ്ങനെ നടക്കാറുണ്ട്, ഒരുപാടു ദൂരം, എന്തോ ഒരു സുഖം, അല്ലെങ്കില്‍ ഭ്രാന്ത് അല്ലാതെ മനസ്സങ്ങനെ ചിന്തിക്കില്ലല്ലോ? ഏകാന്തതയേറെ ഇഷ്ടപ്പെടുന്നു, എന്നാല്‍ ചില ദിവസങ്ങളില്‍ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ കൂട്ടിനെത്തുമ്പോള്‍, ഒറ്റപ്പെട്ടുവെന്നൊരു തോന്നല്‍ മനസ്സിലുണരുമ്പോള്‍ ഇങ്ങനെയിറങ്ങി നടക്കാറുണ്ട്. ആ നിമിഷം ചിരിക്കണമെന്നൊരു തോന്നല്‍ മനസ്സിലുണ്ടാവാത്തതി നാലാവാം, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ കഴിയുന്നവര്‍ അകലെയെന്നതു പോലെയോ, അകലെയോ ആയതിനാലാവാം. സ്നേഹിക്കുന്നവരെ ക്കുറിച്ചുള്ള ഓര്‍മ്മകളാകുമ്പോള്‍ വേദനിപ്പിക്കുന്നതെങ്ങിലും എന്തോ ഒരു സുഖം.

തലേദിവസം രാത്രിയില്‍ കണ്ട സിനിമ (പുനരധിവാസം) മനസ്സിനെ വല്ലതെ സ്പര്‍ശിച്ചു. ഒരുപാടു ചിന്തിപ്പിച്ചു. സ്നേഹം, പ്രണയം, ആത്മബന്ധങ്ങള്‍ അങ്ങനെ പലതും ആലോചിച്ചു കിടന്നു. നാം അറിയാതെ തന്നെ മിഴികള്‍ നിറയുന്ന ഒരു വികാരനിമിഷം. വളരെ വൈകി എപ്പോഴോ ഉറങ്ങി. രാവിലെ വൈകിയാണുണര്‍ന്നത്. റൂമില്‍ തനിച്ചേയുള്ളതിനാല്‍ പിന്നേയും കിടന്നു. പകല്‍വെളിച്ചം ഉള്ളിലെത്തുന്നതു ജനലുകളടച്ചു തടഞ്ഞും ലൈറ്റ് ഓഫ് ചെയ്തും തീര്‍ത്ത സായംസന്ധ്യപോലെയുള്ള ആ ഇരുണ്ട വെളിച്ചത്തില്‍ നെഞ്ചോടു ചേര്‍ത്തുപിടിച്ച തലയണയുമായി നിശബ്ദതയില്‍ എത്രയോ ദിവസങ്ങളങ്ങനെ.. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മ നിര്‍വൃതിയിലൂടെ... ഗൃഹാതുരത്വത്തിന്‍റെ‍ നോവുള്ള ഓര്‍മ്മകള്‍ക്കൊപ്പം ചിരിച്ചും കരഞ്ഞും പ്രാര്‍ത്ഥിച്ചും കുറച്ചധികദൂരം സഞ്ചരിച്ചു, സംവാധിച്ചു.മുറുകെപ്പിടിച്ചിരിക്കുന്ന സ്നേഹബന്ധങ്ങള്‍, രക്തബന്ധങ്ങള്‍, വേദന, സന്തോഷം, നഷ്ടപെട്ടുകൊണ്ടിരിക്കുന്ന പ്രണയം, അതിലേയ്ക്ക് പേമാരിപോലെ പെയ്തിറങ്ങുന്ന തടസ്സങ്ങള്‍, പിരിയാതെയും പിരിഞ്ഞും കൈകള്‍ കോര്‍ത്തും അഴിച്ചും, ഒരായിരം പ്രാര്‍ത്ഥനയിലൂടെ, അതിലേറെ പരസ്പര വിശ്വാസത്തിലൂടെ നിലനില്‍ക്കുന്ന രണ്ടാത്മാക്കളുടെ ആത്മബന്ധം, അതിനിടയ്ക്കും എങ്ങനെയെന്നുപോലുമറിയാതെ വന്നെത്തുന്ന ചില വേര്‍പാടുകള്‍, വെറുക്കപ്പെടല്‍ എല്ലാമുണ്ടാകും ആ യാത്രയില്‍ കൂട്ടിന്. അവിടെനിന്നുള്ള ഒരു മോചനം; അതുമാത്രമാവാം ആ യാത്രയുടെ ലക്ഷ്യം.

അസ്തമനത്തിന്‍റെ നിറവും ചാര്‍ത്തി യാത്രപറയുന്ന സൂര്യന്‍. ശാലീനതയുടെ ചിറകുവെച്ച് പറന്നടുക്കുന്ന ഇളം തണുപ്പുള്ള സന്ധ്യ. ഒറ്റപ്പെട്ടു നില്‍ക്കുന്ന നക്ഷത്രങ്ങള്‍. ഇരുണ്ട കാര്‍മേഘം. റോഡ് മുറിച്ചുകടക്കുവാനാവാതെ ചീറിപ്പായുന്ന വാഹനങ്ങളെ നോക്കി വഴിയില്‍ നിന്നും വാങ്ങിയ ചൂടുള്ള കടല ഓരോന്നായി വായിലേക്കിട്ടു ചവച്ച്, ചുറ്റുവട്ടത്തുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ ആരേയോ തിരയുന്ന മിഴികളും, പ്രാര്‍തഥനയോടെ പ്രതീക്ഷിക്കുന്ന മനസ്സും, കടല നിറച്ച കടലാസുകുമ്പിള്‍ പിടിച്ച ഇടതുകരവുമായി ഡീസന്‍റായ ഒരു വായിനോക്കിയെപ്പോലെ ഞാന്‍. അങ്ങനെയാണ് മറുസൈഡില്‍ നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും എന്നെത്തന്നെ നോക്കിനില്‍ക്കുന്ന അവളെ ഞാന്‍ ശ്രദ്ധിക്കുന്നത്.

കത്തിജ്വലിച്ചു നില്‍ക്കുന്ന വഴിവിളക്കുകളുടെ വെളിച്ചത്തില്‍ അവളുടെമേല്‍ പതിയുന്ന ചില നിഴലുകള്‍, ഞങ്ങള്‍ക്കിടയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങള്‍... വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല ആ മുഖം. ഒരു കടലകൂടിയെടുത്ത് വായിലിട്ടു ചവച്ചുകൊണ്ട് ഞാന്‍ അവളെത്തന്നെ നോക്കി. ചുവപ്പ് ലൈറ്റിനുമുമ്പില്‍ നിശ്ചലമായ വാഹനങ്ങള്‍ക്ക് മുന്‍പിലൂടെ റോഡ് മുറിച്ചുകടക്കുന്നവരുടെ കൂട്ടത്തിലൂടെ ഞാനും പതിയെ മറുസൈഡിലേയ്ക്ക് നടന്നു. അപ്പോഴും അവള്‍ അവിടെത്തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. ഒരു കൈയ്യില്‍ എന്തോ ഒരു കവറും മറ്റുകൈയ്യില്‍ മറ്റൊരു പെണ്‍കുട്ടിയെ അരികിലേക്ക് ചേര്‍ത്തുപിടിച്ചിരുന്ന അവളുടെ ശ്രദ്ധ മറ്റുളളവരിലേയ്ക്കും തിരിഞ്ഞു. വീണ്ടും ഒരു നിമിഷം; ഒരു ചെറു പ്രാര്‍ത്ഥനയോടെ ചുറ്റുമുള്ള ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനും ആരേയോ തിരയുന്നുണ്ടായിരുന്നു. ഓരോ യാത്രയിലും കൂടുതലും നിഷ്ഭലമായിത്തീരുന്ന ആ ഒരു പ്രതീക്ഷയ്ക്ക് ഉടമയായിരിക്കുമെന്റെ മോഹങ്ങള്‍. അവ ആ യാത്രയെ നിരാശയുടെ കയങ്ങളിലേയ്ക്ക് വലിച്ചെറിയാറുണ്ട്. എങ്കിലും വീണ്ടുമൊരു പുതുപ്രതീക്ഷയുടെ ചെറുദീപം തെളിച്ച് ആ വെളിച്ചത്തിലൂടെ മനസ്സ് പാദങ്ങളെ മുന്നോട്ടു ചലിപ്പിച്ചു കൊണ്ടിരിക്കും, ഗാഢമായ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ പ്രേരിപ്പിക്കുന്നുണ്ടാവും.

റോഡ് ക്രോസ്സ് ചെയ്ത് മറുസൈഡിലെത്തിയപ്പോള്‍ റിംങ്ങ് ചെയ്ത മൊബൈല്‍ കൈയ്യിലെടുത്തു, നാട്ടില്‍ നിന്നും അച്ഛനാണു, രണ്ടുദിവസമായി പനിയായിരുന്നു. എങ്ങനെയുണ്ടെന്നറിയാന്‍ വിളിക്കുന്നതാണു. അപ്പോള്‍ ഓര്‍ക്കാറുണ്ട് നാട്ടിലായിരിക്കുമ്പോള്‍ പനിവരുന്നതും, അച്ഛന്‍ വരുന്നതിന് മുന്‍പേ ഉറങ്ങാന്‍ കിടന്നതിനാല്‍, അവനെന്തുപറ്റിയെന്ന് അമ്മയോടു ചോദിക്കുന്നതും മറ്റും. അവന് സുഖമില്ലായെന്ന അമ്മയുടെ മറുപടിയും, മരുന്നുവാങ്ങിയില്ലയോ?, ആഹാരം വല്ലതും കഴിച്ചോ തുടങ്ങി മറുചോദ്യങ്ങള്‍ക്കൊപ്പം അരികിലിരുന്നു നെറ്റിയില്‍ കൈവച്ച് ചൂടുണ്ടോയെന്ന് നോക്കുന്നതും, കഞ്ഞികുടിക്കാന്‍ വിളിക്കുമ്പോള്‍ പാതിയുറക്കംനടിച്ച് കിടന്നതും... പുലരുന്നതിനിടയില്‍ പിന്നെയുമെത്രയോവട്ടം മുറിയില്‍വന്ന് അരികിലിരിക്കുന്നതും നെറ്റിയില്‍ കൈവച്ച് ചൂടുണ്ടോയെന്ന് നോക്കുന്നതും, രാവിലെ അമ്മ കാപ്പിയുമായിവന്ന് വിളിച്ചുണര്‍ത്തി പനി കുറവുണ്ടോയെന്നു നോക്കി, “കുറഞ്ഞു എങ്കിലും ഇന്നുകൂടി സ്കൂളില്‍ പോകേണ്ടാ”യെന്ന് പറഞ്ഞുകേള്‍ക്കുമ്പോള്‍ ഉള്ളിലെ
സന്തോഷവും, മുഖത്തെ ചെറുചിരിയും മറച്ചുപിടിച്ചു പനിയുടെ ഒരു ക്ഷീണഭാവം മുഖത്ത് വിടര്‍ത്തി തലയാട്ടി സമ്മതം മൂളി വീണ്ടും ഉറക്കം നടിച്ചുകിടക്കുന്നതും... ആ കാലം ഒന്നുകൂടി കിട്ടിയിരുന്നുവെങ്കില്‍!! സ്നേഹിക്കാന്‍ മറന്നുപോയവരെ സ്നേഹിച്ചും, അനുസരിക്കാന്‍ മറന്നുപോയവരെ അനുസരിച്ചും വീണ്ടുമാ ബാല്യവും, കൌമാരവും... തിരികെ മോഹിക്കുന്നത് പണ്ട് വിലകല്‍പ്പിക്കാന്‍ കഴിയാതെപോയ സ്നേഹബന്ധങ്ങളാകുമ്പോള്‍ ചിന്തകള്‍ വിഡ്ഢിത്വത്തിന്റെ ഏതു കൊടുമുടിതുമ്പത്തും കയറിപ്പോകും.

പനി കുറവുണ്ടോടോ, ചോറുണ്ടായിരുന്നോ ഉച്ചയ്ക്ക്, വൈകിട്ടു ചായ കുടിച്ചോ ഇയാള്...? അങ്ങനെ അച്ഛന്‍റെ പതിവു ചോദ്യങ്ങള്‍; അച്ഛനെ സന്തോഷിപ്പിക്കുവാന്‍ പതിവുത്തരങ്ങള്‍... ഞാന്‍ പുറത്താണു, രാത്രിയില്‍ വീട്ടിലേയ്ക്ക് വിളിക്കാമെന്നുപറഞ്ഞു ഫോണ്‍ കട്ടുചെയ്തു പോക്കറ്റിലിട്ട്, കൈയിലിരുന്ന കടലയിലൊരെണ്ണം വായിലിട്ടു ചവച്ചുകൊണ്ട് മുന്‍പോട്ടു നടന്നുതുടങ്ങുന്നതിനിടയിലാണു പിറകില്‍ നിന്നുമാരോ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചത്. തിരിഞ്ഞുനോക്കുമ്പോള്‍ അവള്‍. അല്‍പം മുന്‍പ് എന്നെനോക്കി നിന്നിരുന്ന ആ പെണ്‍കുട്ടി. കൂടെ മുന്‍പുണ്ടായിരുന്ന പെണ്‍കുട്ടിയും അരികിലുണ്ട്. കൈയിലൊരു കവറും. അവള്‍ കറുത്തിട്ടാണ്, തീരെ മെലിഞ്ഞതല്ലാത്ത ശരീരം. ഇളം നീലനിറത്തിലെ ചുരിദാര്‍, കാറ്റത്ത് പാറിപറക്കുന്ന മുടികള്‍, മുഖത്തേയ്ക്ക് വീണുകിടക്കുന്ന മുടികള്‍ പിന്നിലേയ്ക്കൊതുക്കി അവള്‍ എന്‍റെ മുന്നില്‍ത്തന്നെ നില്‍ക്കുകയാണ്. പിടിവിടാതെ അവള്‍ അപ്പോഴും ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുകൊണ്ടിരിന്നു. മുന്‍പേ നല്ല പരിചയമുള്ളപോലെ എന്തൊ ആവശ്യപ്പെടുന്നപോലെ തോന്നി. ആ സന്ധ്യയില്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നുവെങ്കിലും, കാരുണ്യത്തിന്‍റെ, ദയയുടെ ഒരു ചെറുതരിമ്പ് മോഹിക്കുന്നത് ആ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുന്നുണ്ടായിരുന്നു. യാത്രക്കാര് പലരും എന്നേയും അവളേയും മാറി മാറി നോക്കി
കടന്നുപോകുന്നുണ്ട്. വാടിത്തളര്‍ന്നപോലുള്ള ആ മുഖത്തും ഒരു പുഞ്ചിരി വിടര്‍ത്തി അവള്‍ അപ്പോഴും ഷര്‍ട്ടില്‍ പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്കും പുറകിലേയ്ക്ക് തിരിഞ്ഞു നോക്കി ആള്‍ക്കുട്ടത്തിനിടയിലേക്ക് കൈ ചൂണ്ടി അവള്‍ എന്തോ പറയുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാക്കാനായില്ല. പിന്നെയാണവള്‍ ഷര്‍ട്ടില്‍ നിന്നും കൈവിട്ട് മുഖത്തെ ദയനീയഭാവത്തോടെ അവളുടെ വയറില്‍ തടവിയതും, കൈകള്‍കൊണ്ട് ഓരോ ആംങ്ങ്യങ്ങള്‍ കാണിച്ചതും. ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള മോഹവുമായി ഈയൊരു ചെറുനിമിഷം എന്‍റെ മുന്നിലും യാചിക്കുകയായിരുന്നോ അവള്‍. രൂപത്തിലൂടെയോ, അവളിട്ടിരുന്ന വസ്ത്രത്തിലൂടെയോ ഒരുനിമിഷംപോലും അത് തിരിച്ചറിയാന്‍ കഴിയുന്നുണ്ടായിരുന്നില്ല. എന്തോ ഒരു ദയനീയഭാവം, ഒരു ആകാംഷ ആ മുഖത്തും കണ്ണുകളിലും... അത്രമാത്രം!! തെരുവിലെ യാചകര്‍ക്കിടയിലേക്ക് ഏതേലും മുജ്ജന്മ് പാപത്തിന്‍റെ ശാപവുമായി ദാരിദ്ര്യത്തിന്‍റെ കൊടുംചൂടിലേക്കു പിറന്നുവീണതാവാം. അല്ലെങ്കില്‍ ഒരിക്കല്‍പ്പോലും ഈ ഒരു വേഷത്തില്‍ മണ്ണിലവള്‍ക്ക് ജനിക്കേണ്ടി വരുമായിരുന്നില്ല. വര്‍ണ്ണങ്ങള്‍ ചാലിച്ച് പുസ്തകത്താളുകളിലെ ചിത്രങ്ങള്‍ക്ക് നിറം കൊടുത്തും, വിദ്യാലയത്തിന്‍റെ നീണ്ട ഇടനാഴികളിലൂടെ ഓടിക്കളിക്കച്ചു നടക്കുകയും ചെയ്യേണ്ട ബാല്യത്തിലൂടെയാണവളുടെ യാത്ര. ഇനിയുമെത്രനാള്‍, എത്രനാള്‍ ഈ ശാപവുമേന്തി, എത്ര ദൂരമിനിയും ബാക്കി അവള്‍ക്ക് ഒരു മര്‍ത്ത്യജന്മത്തിന്‍റെ പൂര്‍ണ്ണതയിലെത്തുവാന്‍.

പൈസയ്ക്കായി ഞാന്‍ പോക്കറ്റിലേക്ക് കൈയ്യിടുമ്പോഴാണ് വിശക്കുന്നുവെന്ന് ആങ്ങ്യം കാട്ടികൊണ്ടിരുന്ന ആ ചെറുകൈകള്‍ക്ക് അവള്‍ വിശ്രമം അനുവദിക്കുന്നത്. കൈയ്യില്‍ കിട്ടിയ രണ്ടുരൂപയുടെ പുതിയ രണ്ട് നാണയങ്ങള്‍ അവളുടെ കൈയ്യില്‍ വച്ചുകൊടുത്ത് ഞാന്‍ മുമ്പോട്ട് നടക്കാന്‍ തുടങ്ങിയിട്ടും മുന്നില്‍ നിന്നും മാറാതെ തല ഉയര്‍ത്തിപ്പിടിച്ച് അവള്‍ മുഖത്തേക്ക് നോക്കിത്തന്നെ നില്‍ക്കുകയായിരുന്നു. പിന്നെ അവള്‍ എന്‍റെ കൈയ്യിലേക്ക് നോക്കി കൈയ്യിലിരുന്ന കടലാസുപൊതിക്കായി കൈ നീട്ടുകയായിരുന്നു. ആദ്യം മുതലെ അവള്‍ എന്നെത്തന്നെ നോക്കി നിന്നിരുന്നതും, അരികില്‍ വന്നു കൈകള്‍ നീട്ടിനിന്നിരുന്നതും അതിനുവേണ്ടി ആയിരുന്നിരിക്കാം. ആ പൊതിയിലേക്കായിരുന്നിരിക്കും അവള്‍ ശ്രദ്ധിച്ചിരുന്നത്. വഴിയില്‍ നിന്നും ഞാന്‍ വാങ്ങിയ ചൂടുള്ള കടല. പൊതിക്കുള്ളില്‍ ഇനിയും ബാക്കിയുണ്ടോന്ന് വിരലുകൊണ്ട് പതിയെ അമര്‍ത്തിനോക്കി, ബാക്കിയുള്ളത് അവളുടെ കൈയ്യിലേയ്ക്ക് ഞാന്‍ വെച്ചുകൊടുത്തതും എന്തോ വലിയൊരു ആഗ്രഹം സാധിച്ചപോലെ, ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷത്താല്‍ തിരിഞ്ഞോടുകയായിരുന്നവള്‍. അല്‍പ്പം മുന്‍പ് എന്നെ കൈ ചൂണ്ടിക്കാണിച്ച ആള്‍ക്കുട്ടത്തിനിടയിലേയ്ക്ക് കൂടെയുണ്ടായിരുന്ന കുട്ടിയേം പിടിച്ചുകൊണ്ടോടുന്നത് അവിടെ ഉണ്ടായിരുന്ന മറ്റുള്ളവരോടൊപ്പം ഞാനും വെറുതെ നോക്കിനിന്നു.

ആള്‍ക്കൂട്ടത്തിനു പുറകിലായി വെയ്റ്റിംങ്ഷെഡ്ഡിനോട് ചേര്‍ന്നിരുന്നിരുന്ന രണ്ട് കുട്ടികളുടെ അരികിലേക്കാണവള്‍ ഓടിയെത്തിയത്. രണ്ടും ആണ്‍കുട്ടികള്‍, സഹോദരങ്ങളായിരിക്കാം. അല്ലായിരിക്കാം. രണ്ടുപേര്‍ക്കും വസ്ത്രമൊന്നുമുണ്ടായിരുന്നില്ല. രണ്ട് വയസ്സിനു താഴെമാത്രമേ പ്രായമുള്ളു. ദേഹമാകെ അഴുക്കും പൊടിയും, ഒരാളുടെ കൈയ്യില്‍ പാതിമുറിഞ്ഞ ഒരു ചെരുപ്പു കക്ഷണമുണ്ട്. മറ്റേ കുട്ടി അവിടെയിരുന്നു താഴെ കിടന്നിരുന്ന പേപ്പര്‍ കക്ഷണങ്ങള്‍ പെറുക്കിയെടുക്കന്നതോടൊപ്പം കരയുന്നുമുണ്ടായിരുന്നു. അവന്‍റെ കവിളിലൂടെ കണ്ണുനീരിനൊപ്പം അഴുക്കും ഒലിച്ചിറങ്ങുന്നുണ്ട്. അവര്‍ക്കൊപ്പം അവളും അവിടെയിരുന്നു. കരഞ്ഞുകൊണ്ടിരുന്ന കുട്ടിയെ മടിയിലിരുത്തി, മറ്റേ കുട്ടിയുടെ കൈയ്യില്‍നിന്നും ചെരുപ്പുവാങ്ങി കളഞ്ഞതിനുശേഷം കൈയ്യിലിരുന്ന കടലപ്പൊതി അവന്‍റെ കൈയ്യില്‍ കൊടുത്തു. അവള്‍ അതില്‍ നിന്നു ഓരോന്നു പെറുക്കിയെടുത്ത് കരഞ്ഞുകൊണ്ടിരുന്ന കുട്ടിക്കും കൊടുക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി വീണ്ടും ആളുകള്‍ക്കിടയിലേയ്ക്ക് നടന്നുനീങ്ങി. കരഞ്ഞുകൊണ്ടിരുന്ന കുട്ടി കരച്ചില് നിറുത്തിവരുന്നുണ്ട്. ഒരാള് പൊതിയുമായി പിറകിലൂടെ അവളുടെ തോളിലേയ്ക്ക് കമിഴ്ന്നുകിടക്കുകയാണ്. കുറച്ചു സമയത്തിനു ശേഷം വിശപ്പിന്‍റെ അവസാനനാളവും എരിഞ്ഞടങ്ങിയപോലെ മടിയിലിരുന്ന കുട്ടി പതിയെ എഴുനേറ്റ് വീണ്ടും ചപ്പുചവറുകളോടും പൊടിപടലങ്ങളോടും ചങ്ങാത്തം കൂടിത്തുടങ്ങി. തോളില്‍ കിടന്നിരുന്ന കുട്ടിയെ പിടിച്ചുമാറ്റി അവള്‍ എഴുന്നേക്കാന്‍ തുടങ്ങവെയാണ് കൈയ്യിലിരുന്ന കുറച്ചു കടല അവന്‍ അവളുടെ വായിലേയ്ക്ക് നീട്ടിയത്. അവന്‍റെ ചെറുകൈപിടിച്ചു അവള്‍ ചുണ്ടോടടുപ്പിച്ചു കടല വായിലേയ്ക്കിടവെ തോളില്‍നിന്നും താഴേക്ക് തെന്നിവീണ അവനെ പിടിച്ചെഴുന്നേല്‍പ്പിച്ച ശേഷം അവള്‍ വീണ്ടും നടന്നുതുടങ്ങി. സന്ദ്ധ്യയുടെ, തണുപ്പുവീണുതുടങ്ങിയ മഹാനഗരത്തിന്‍റെ തിരക്കിലേയ്ക്ക്.

കുറച്ചുനിമിഷത്തെ ഈ കാഴ്ചയ്ക്കുശേഷം ഞാനും യാത്രതുടര്‍ന്നു എന്‍റെ വഴിയെ, എന്തിനെന്നറിയാതെ, എങ്ങോട്ടെന്നറിയാതെ, വെറുതെ... തിരികെ വരുമ്പോള്‍ അവളെ നോക്കിയിരുന്നു ഞാന്‍ വഴിയിലൊക്കെ, അവരിരുന്നിരുന്ന ആ വെയിറ്റിംങ് ഷെഡ്ഡിലും, അവളെ ആദ്യമായി കണ്ട ട്രാഫിക് സിഗ്നലിനു സമീപവും നോക്കിയിരുന്നു. എങ്ങുമുണ്ടായിരുന്നില്ല. മറ്റേതെങ്കിലും വഴിയിലേയ്ക്ക് മാറിയിട്ടുണ്ടാവാം, അല്ലെങ്കില്‍ എവിടെയെങ്ങിലും കിടന്നുറങ്ങുന്നുണ്ടാവാം, സ്ഥിരമായി ഒരു സ്ഥലമോ, വഴിയോ, കിടപ്പാടമോ അവള്‍ക്കുണ്ടാവില്ല. ഒരു അച്ഛനും അമ്മയും, ഒരു പേരോ അവള്‍ക്കിപ്പോള്‍ സ്വന്തമായിട്ടുണ്ടാവില്ല. സ്നേഹിക്കാനറിയാവുന്ന ഒരു മനസ്സുമാത്രമായിരിക്കാം അവള്‍ക്കു സ്വന്തം.... ചിലപ്പോള്‍ നാളെ വീണ്ടും കണ്ടേക്കാം; ഇവിടെത്തന്നെയുണ്ടാവും, വിശപ്പിന്‍റെ വേദനയുമായി കരയുന്ന തന്‍റെ സഹോദരങ്ങള്‍ക്കായി, അവരോടുള്ള ആത്മ ബന്ദ്ധത്തിന്‍റെ നിലയ്ക്കാത്ത സ്നേഹവുമായി, അര്‍ത്ഥരാത്രിയില്‍പ്പോലും ഇരുള്‍വീഴാത്ത മഹാനഗരത്തിന്‍റെ തിരക്കേറിയ വഴികളിലൂടെ... പണത്തിനുവേണ്ടി എന്തുംചെയ്യാല്‍ തയ്യാറായി നില്‍ക്കുന്ന കൊലപാതികളുടെയും, കൊള്ളക്കാരുടേയും, തെരുവു വേശ്യകളുടെയും.... സ്നേഹ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത പരിഷ്ക്കാര വര്‍ഗ്ഗത്തിന്‍റെയും, ഒരുനേരത്തെ ആഹാരത്തിനുവേണ്ടി കഷ്ടപെടുന്ന പാവങ്ങളുടെയും... എണ്ണിയാലൊതുങ്ങാത്ത പരദേശികളുടെയുമിടയിലേയ്ക്ക്, ഇനിയുമെത്ര ദൂരമെന്നറിയാതെ, മുന്നില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയാനാവാതെ, കഴിഞ്ഞ കാലത്തെക്കുറിച്ചോര്‍ത്ത് കരയാതെ, നാളെയെക്കുറിച്ചോര്‍ത്തുള്ള സ്വപ്നങ്ങളില്ലാതെ, വാടിയ കണ്ണുകളും നീട്ടിയ കൈളുമായി ഇനിയും വന്നേക്കാം അവള്‍...?

11 comments:

നിരക്ഷരന്‍ said...

സുബിരാജേ..
നമ്മള്‍ നേരിട്ട് ചാറ്റില്‍ പറഞ്ഞകാര്യങ്ങള്‍ ചെയ്യണം കേട്ടോ. തിരക്ക് പിടിച്ച് ഒന്നും പോസ്റ്റ് ചെയ്യേണ്ട.
ആശംസകള്‍...
:)

subiraj.r said...

നന്ദി.... ഒരുപാട്, ഒരുപാട്,
കൂടെ മന്‍സുചേട്ടനും.

ഒരുപാടു സഹായിച്ചു രണ്ടുപേരും...

ഇനി ഞാന്‍ ശ്രദ്ധിക്കാം, എങ്കിലും തെറ്റുകള്‍ ഉണ്ടാവും, സഹകരണവും, സഹായവും ഇനിയുമുണ്ടാവണം.

സ്നേഹപൂര്‍വ്വം

സുബിരാജ്.

chitra said...

subi cheta
kollamarunnu , nalla oru novel pole ond
chitra

maramaakri said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

മന്ദാരം said...

എന്തേ ഇങ്ങനെയൊരു അവതാരം.........

പേടിപ്പിച്ചുകളഞ്ഞല്ലോ !!!

sudhi said...

anyway, good..

Raji Chandrasekhar said...

വരട്ടെ

ഉപാസന || Upasana said...

Welcome to BoolOkam...
:-)
Upasana

ശ്രീ said...

ഒരൊറ്റ പോസ്റ്റ് കൊണ്ട് എഴുത്തു നിര്‍ത്തിയോ?

കൂടുതലെഴുതൂ... ആശംസകള്‍‌!

Anitha said...

കിടിലന്‍ പോസ്റ്റ്‌...
മലയാളിത്തമുള്ള മനോഹരമായ കഥ.
ഇനിയും ഇതു പോലുള്ള കഥകളും പോസ്റ്റുകളും പ്രതീക്ഷിക്കുന്നു...
ആശംസകള്‍ നേര്‍ന്നുകൊണ്ട്...
സസ്നേഹം...
അനിത
JunctionKerala.com

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിരിക്കുന്നു.
ആത്മ ബന്ധങ്ങളുടെ ആഴം
സമുദ്രങ്ങള്‍ക്കു പോലും അപ്രാപ്യമാണ്