നീ എന്നെയിന്നാ പഴയ കാലത്തിലേക്കെത്തിച്ചു.
കണ്ണെത്താ ദൂരെ പച്ച പുതച്ചു കിടക്കുന്ന
പാട വരമ്പിലൂടെ നിനക്കൊപ്പം നടന്ന ആ കൗമാരാത്തിലേക്ക്.
കാണാതിരിക്കുമ്പോൾ കാണാനും
മിണ്ടാതിരിക്കുമ്പോൾ മിണ്ടാനും
അരികിലേക്കോടിയെത്തി നിന്നിൽ ചേർന്നിരിക്കാനും വെമ്പുകയാണെന്റെ മനസിന്ന്.
വിടരാൻ കഴിയാതെ പോയൊരു പ്രണയത്തിന്റെ കാലങ്ങൾക്കിപ്പുറമുള്ള ഉയർത്തെഴുന്നേൽപ്പിൽ എന്നെ ഹൃദയത്തോട് ചേർത്ത് പിടിച്ച നിന്നെലേക് പെയ്തിറങ്ങാൻ മോഹിച്ചു നിൽക്കുന്ന എന്നെ ഇന്ന് നീ വീണ്ടും ആ പഴയ പതിനാറിലേക്കെത്തിച്ചിരിക്കുന്നു.
കൈവിരലുകൾ കൊരുത്തു പിടിച്ച്
തോളുരുമി കഥകൾ പറഞ്ഞ് നടക്കുവാനെനിക്കിനി ആവില്ലായിരിക്കാം, നിലാവിന്റെ തണലിൽ നിശബ്ദതയുടെ താരാട്ടു കേട്ട് നിന്റെ മടിയിൽ തല ചായ്ച്ചുറങ്ങുക എന്നത് എന്റെ മോഹം മാത്രമായേക്കാം. എങ്കിലും നിന്റെ ഓരോ ശ്വാസ കണികയിലും ഞാനുണ്ടാവുമെന്നും, ഹൃദയത്തിന്റെ ആരുമറിയാത്തൊരു കോണിൽ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടാവുമെന്നും നീ പറയാതെ പറഞ്ഞതുപോലെ.... എന്നിട്ടും ഞാനിന്നും എപ്പോഴൊക്കെയോ ഒറ്റക്കാണെന്നപോലെ, നിന്നെ തേടി എവിടെയൊക്കെയോ അലയുന്നത് പോലെ, ഒന്ന് മിണ്ടാൻ, മിഴികളിൽ നോക്കിയിരിക്കാൻ എത്രയോ യുഗങ്ങളായി കാത്തിരിക്കുന്നത് പോലെ... ഒരു ഭ്രാന്താനായിരുന്നെങ്കിൽ ഒച്ചത്തിൽ വിളിച്ചു കൂവി, ഒന്ന് പൊട്ടി കരഞ്ഞു നിന്റെ ആ വിരഹ ഭാരം ഹൃദയത്തിൽ നിന്നിറക്കി വെക്കാമായിരുന്നു. നിന്റെ സ്നേഹമെന്നതുപോലെ ഈ നോവും ആരോടും പറയാനാവാതെ, ഒന്ന് കരഞ്ഞു തീർക്കാനാവാതെ നെഞ്ചിലിരുന്നങ്ങനെ വിങ്ങി എന്നോടൊപ്പം എറിഞ്ഞടങ്ങുകയേയുള്ളൂ. അന്ന് നീ അരികിലുണ്ടാവണം,
ഒടുവിൽ ഞാനൊരു ചിതയിലെരിഞ്ഞമരുമ്പോൾ മിഴിനിറഞ്ഞ് അരികിൽ ഉണ്ടാവണം നീ, ഉള്ള് നീറാതെ ഹൃദയം പൊട്ടാതെ നീ നിന്നിലെ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടാവണം, അവിടെയെനിക്ക് നിന്റെ സ്നേഹത്തിന്റെ കുളിരേറ്റ് നീയുള്ളിടത്തോളം നിന്നോടൊപ്പം ജീവിക്കണം.... നോവരുത് നീ, തളരാതെ വാടതെ വിടർന്നു നിൽക്കണം...., എനിക്കായി... ഞാൻ നിന്നിൽ തന്നെയുണ്ടാവും... ആരുമറിയാതെ ആർക്കുമറിയാത്ത നിന്റെ ഹൃദയത്തിനുള്ളിൽ...