Friday, December 31, 2010

മഴത്തുള്ളികൾ 1

ഓഫീസില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ പതിവില്ലാതെ അന്തരീക്ഷം കാര്‍മേഘങ്ങളാല്‍ മൂടപ്പെട്ടിരുന്നു. മഴപെയ്യുവാനുള്ള തയ്യാറെടുപ്പു പോലെ. ഒരു മാസത്തിലേറെയായി ഒരു നല്ല മഴ കണ്ടിട്ട്. നാട്ടിലാണെങ്കില്‍ ദിവസവും മഴയാണ്. ചിലപ്പോഴൊക്കെ പുറത്തേക്കിറങ്ങാന്‍ പോലും കഴിയില്ലപോലും.

അഞ്ച് ദിവസത്തേക്കായിരുന്നുവെങ്കിലും ഇതുവരെ പോയതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു അനുഭവം തന്നെ ആയിരുന്നു രണ്ട് മാസം മുമ്പൊന്നു നാട്ടില്‍ പോയത്. ഞങ്ങള്‍ നാലഞ്ചു പേരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ളൊരു ഒത്തുചേരലായുരുന്നു അത്. കള്ളും കപ്പയും ആമയിറച്ചിയുമൊക്കെയായി ഒരു സന്ധ്യക്ക് തണുത്ത കാറ്റേറ്റു ടെറസിനു മുകളില്‍ പഴയ ഓരോ കഥകളും മണ്ടത്തരങ്ങളും മറ്റും പറഞ്ഞ് പരസ്പരം കുറ്റപ്പെടുത്തിയും കളിയാക്കിയും ഇരിക്കുമ്പോള്‍ പെയ്തൊരു മഴ. ആറേഴ് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കളിക്കൂട്ടുകാരുടെ ഒത്തുചേരലിന് സുഖം പകര്‍ന്ന് പുലരുവോളം പെയ്ത ആ മഴക്കായിരുന്നുവെന്നു തോന്നി അന്തിക്കള്ളിനേക്കാള്‍ മധുരം.

പക്ഷെ മഴക്കാലമാണെങ്കിലും ഇവിടെ പേരുനു മാത്രം വല്ലപ്പോഴും ഒരു മഴ പെയ്യുന്നു. എളുപ്പം റൂമിലെത്തുവാന്‍ വേഗത്തില്‍ നടന്നുവെങ്കിലും പാതിവഴിയില്‍ ആര്‍ത്തുല്ലസിച്ചു മഴ പെയ്തിറങ്ങി. വഴിയരികിലെ ഒരു പടുകൂറ്റന്‍ തണല്‍മരത്തിനു ചുവട്ടിലെ  ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിക്കയറി. അന്തരീക്ഷം ഇരുണ്ടു തുടങ്ങിയിരുന്നു. ഈ മഹാനഗരത്തെ മുക്കിക്കളഞ്ഞ നാലു വര്‍ഷം മുമ്പുള്ളൊരു മഴക്കാലം. ഇപ്പോഴും എല്ലാവര്‍ക്കും മഴ പെയ്താല്‍ ആദ്യം ആ  ഓര്‍മ്മയാണ്. ഇനിയും ഇങ്ങനെ നിന്നാല്‍ വീട്ടിലെത്തുന്ന കാര്യം ബുദ്ധിമുട്ടാകും. അടുത്തു നിന്നവര്‍ ഓരോരുത്തരായി നനഞ്ഞു നടന്നു തുടങ്ങി.

മഴയെന്നാല്‍ ഇവിടെ പലര്‍ക്കും ഒരു ഉത്സവം പോലെയാണെന്നാണ് തോന്നിയിട്ടുള്ളത്, പ്രത്യേകിച്ചും ആദ്യമഴ. ചെറിയ കുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍ വരെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പൊതുസ്തലമെന്നൊ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുവെന്നൊ വകവക്കാതെ നനഞ്ഞുകുളിച്ചു തുള്ളിച്ചാടി നടക്കുന്നു. ഇണക്കിളികളെപ്പോലെ കൊക്കുരുമി ഒരു കുടക്കീഴില്‍ നനഞ്ഞൊട്ടി പോകുന്നവര്‍. ഇതൊക്കെ കണ്ടു രസിച്ചും മൊബൈലില്‍ പകര്‍ത്തിയും ചില വിരുതന്മാര്‍ വേറെയും.

പണ്ടൊക്കെ മഴ നനയാന്‍ ഒരു ആവേശമായിരുന്നു. ഇപ്പോഴും അതിനൊരു മാറ്റവും വന്നിട്ടില്ലാത്തതുകൊണ്ടാവും ആദ്യമൊന്നു മടിച്ചെങ്കിലും പിന്നെ ഞാനും മഴയിലേക്ക് ഇറങ്ങി നടന്നത്. ചുറ്റും ബഹളം വച്ചും പാട്ടുകള്‍ പാടിയും മഴ ആസ്വദിക്കുന്നവര്‍. പെയ്തുവീഴുന്ന ഓരോ തുള്ളികളെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചു. വസ്ത്രങ്ങള്‍ ദേഹത്തോട് നനഞ്ഞൊട്ടിച്ചേര്‍ന്നു. ചുണ്ടില്‍ അലിഞ്ഞുചേരുന്ന ഓരോ തുള്ളികളിലും മധുരം രുചിച്ചു. കാലമേറെ കഴിഞ്ഞിരിക്കുന്നു ഇതുപോലെ മഴയുടെ വശ്യമായ ലാളനം അനുഭവിച്ചറിഞ്ഞിട്ട്. തീര്‍ത്തും പ്രതീക്ഷിക്കാതെ പെയ്തൊരു മഴ. വര്‍ഷങ്ങള്‍ക്കു ശേഷം മഴയില്‍ അലിഞ്ഞുചേര്‍ന്നുകൊണ്ട് ഒരു ദിവസംകൂടി.

പാട്ടു പാടി കൂകി വിളിച്ചു മഴക്കൊപ്പം കുളത്തിലേയ്ക്ക് ചാടുവാനുണ്ടായിരുന്ന കൂട്ടുകാരും, മഴവെള്ളം തളംകെട്ടി നില്‍ക്കുന്ന ഇടവഴികളും, മഴത്തുള്ളികളുടെ ഭാരം താങ്ങാന്‍ കഴിയാതെ തളര്‍ന്നു  നിന്നിരുന്ന മുറ്റത്തെ ചെറിമരവും ഒന്നുമില്ലായിരുന്നു. ഇടക്കിടെ ചെറു കുളിരു പകര്‍ന്നെത്തുന്ന ഇളം കാറ്റ്. പകലിനെ മറച്ചുകൊണ്ട് വിടര്‍ന്നു തുടങ്ങിയ സന്ധ്യയില്‍ കൂട്ടിനു ഓര്‍മ്മകള്‍ മാത്രം. കുസൃതിയും പിടിവാശികളും നിറഞ്ഞ, മഴയെ സ്നേഹിച്ചു തുടങ്ങിയ ബാല്യകാലം. അവിടുന്നിതുവരെയുള്ള ഓരോ ഓര്‍മ്മകള്‍ക്കൊപ്പവും ഒഴുവാക്കാന്‍ കഴിയാത്ത ഓരോ മഴക്കാലം. ഒടുവില്‍ പെയ്തു തോര്‍ന്ന മഴയത്തു തണുത്തു വിറച്ചു  നില്‍ക്കുമ്പോള്‍ ഒളിക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെപോയൊരു ചെറുപുഞ്ചിരി.

ആകാശം തെളിഞ്ഞു തുടങ്ങി, മനസ്സില്‍ ഓര്‍മ്മകളുടെ വസന്തം തീര്‍ത്ത് ഒരു മഴ കൂടി പെയ്തു തീര്‍ന്നു. ഇനിയുള്ളതൊരു കാത്തിരുപ്പാണ്,  അടുത്ത മഴക്കായി, ഒരു മഴക്കാലത്തിനായി.

പിന്നിട്ട ഓരോ മഴക്കാലവും ഒരു സ്വാന്തനമായിരുന്നു. ചിലപ്പോഴൊക്കെ  അരു ആവേശവും. സുഖ-ദുഖങ്ങളുടെ ഒരു അയവിറയ്ക്കല്‍ പോലെ ചിലപ്പോള്‍ ചിരിപ്പിക്കുന്നു, ചിലപ്പോള്‍ കരയിപ്പിക്കുന്നു. എങ്കിലും എല്ലായ്പ്പോഴും കൂടുതല്‍ കൂടുതല്‍ ആവേശത്തോടെയാണു മഴയെ കാത്തിരുന്നത്. ഒന്നു പെയ്തിരുന്നുവെങ്കില്‍ എന്നു കൊതിച്ചുപോയ എത്രയെത്ര നിമിഷങ്ങള്‍.

പണ്ട് സ്കൂളില്‍ പോകുമ്പോള്‍ പുത്തനുടുപ്പ് നനച്ചു പെയ്തൊഴിഞ്ഞ മഴ, വഴിയോരത്തെ ചേമ്പിലയില്‍ താളം തുള്ളുന്ന മഴത്തുള്ളികളെ നിലത്തുടച്ച്, പുതുകുട ചൂടി ഇടവഴിയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഈ മഴ തോരരുതേയെന്നാശിച്ച ബാല്യം. അമ്മ കാണാതെ മുറ്റത്തിറങ്ങി നിന്നു മതിയാവോളം മഴ നനഞ്ഞ്, മുത്തശ്ശിയുടെ നേര്യതിന്‍ തുമ്പുകൊണ്ട് തല തോര്‍ത്തി വീണ്ടും മഴയിലേക്കിറങ്ങാന്‍ ഒളികണ്ണിട്ടു നോക്കുന്ന കുസൃതിയുടെ ഓര്‍മ്മകള്‍.

സ്കൂള്‍ മുറ്റത്തെ നെല്ലിമരത്തിന്റെ ചുവട്ടില്‍ പിടിച്ചുനിര്‍ത്തി ചില്ലകള്‍ കുലുക്കി നനച്ച് കൈകൊട്ടി ചിരിച്ചിരുന്ന കൂട്ടുകാര്‍. ആദ്യം മഴ നനയുവാന്‍, വഴിയില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ നൃത്തം വെയ്ക്കുവാന്‍, കൂട്ടുകാരുമൊത്ത് തോര്‍ത്തില്‍ പരല്‍മീനുകളെ പിടിക്കുവാന്‍... അന്നൊക്കെ മഴയൊരു ആഹ്ലാദമായിരുന്നു.

മഴയെ ശപിച്ച എത്രയോ ദിനങ്ങള്‍. ഇംഗ്ലിഷ് ക്ലാസിലെ രവിസാറിന്റെ ചൂടുള്ള അടി പേടിച്ച് മഴയെത്തുവാന്‍ പ്രാര്‍ത്ഥിച്ചു നിന്നിരുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. തോര്‍ന്നു തുടങ്ങിയ മഴയത്ത് ഒരു കൂടയും പിടിച്ച് കടത്തുവള്ളം കയറിവരുന്ന സാറിനെ ദൂരെ കാണുമ്പോഴെ ഹൃദയമിടുപ്പ് കൂടിയിട്ടുണ്ടാവും. “ഈ നശിച്ച മഴ ഒന്നു തോരാതിരുന്നുവെങ്കില്‍” മഴയെ ശപിച്ച ആ നാളുകളുടെ ഓര്‍മ്മകള്‍ ഇന്ന് മുഖത്തൊരു പുഞ്ചിരിയാണ്.

നീണ്ട കാത്തിരിപ്പിനു ശേഷമുള്ള പ്രിയപ്പെട്ടവരുടെ സമാഗമം പോലെ, മനസ്സിന് കുളിര്‍മയേകി നിലാവിലൂടെ പെയ്തുവീണ മഴത്തുള്ളികളെ ജനലഴികളിലൂടെ കൈകുമ്പിളിലാക്കി ദൂരെ ഇരുളിലേയ്ക്ക് നോക്കി നില്‍ക്കുമ്പോള്‍ മഴയൊരു ആശ്വാസമായിരുന്നു. സുഖ-ദു:ഖങ്ങള്‍  തിരിച്ചറിയാന്‍ തുടങ്ങിയ യൌവ്വനവും കൌമാരവും ആ മഴയുമായി പങ്കിട്ടത് എത്ര സ്വപ്നങ്ങള്‍.

പ്രണയത്തിന്റെ മധുരം തൂവിപെയ്ത എത്ര രാത്രിമഴകള്‍.

4 comments:

Subiraj Raju said...

ഹൃദയം നിറഞ്ഞ പുതുവത്സരാശംസ്കള്‍...

സ്നേഹപൂര്‍വ്വം
സുബിരാജ്

faisu madeena said...

subiraj ...ഒരു സഹ ബ്ലോഗറുടെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍ ...!!

വിനുവേട്ടന്‍ said...

ഈ മഴയോര്‍മ്മകള്‍ എന്നെ കുറേ വര്‍ഷങ്ങള്‍ പിറകോട്ട്‌ കൊണ്ടുപോയി... എന്ത്‌ രസമായിരുന്നു അന്നൊക്കെ...

എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റിനും നന്ദി കേട്ടോ...

സുബിരാജ്‌... ഹൃദയംഗമമായ നവവത്സരാശംസകള്‍ ...

MY DIARY said...

മഴകാലത്തെ കുറിച്ച് ഒരുപാട് നല്ലോര്‍മ്മകള്‍ സമ്മാനിച്ചതിനു നന്ദി...
നാട്ടില്‍ നിന്ന് മാറി നില്‍ക്കുംബോഴെ നമ്മുടെ മഴ എത്ര മനോഹരി ആയിരുന്നെന്നു മനസ്സിലാകു..മഴകാല ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാന്‍ തുടങ്ഘിയപോഴാ ഇത് കണ്ടത്‌...എല്ലാവര്‍ക്കും ഒരു നല്ല മഴക്കാലം..ഓര്‍മ്മകള്‍ പെയ്യുന്ന മഴക്കാലം ആശംസിക്കുന്നു...